Type Here to Get Search Results !

ക്ഷേത്രമുറ്റത്ത് ആര്‍എസ്‌എസ് ശാഖ മുദ്രാവാക്യം വിളിയുമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു, വന്‍ പൊലീസ് സന്നാഹം

മലപ്പുറം: കോട്ടക്കലിലെ കിഴക്കേകോവിലകത്തിന് കീഴിലുള്ള കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആര്‍എസ്‌എസ് ശാഖ നടത്തുന്നതിനിടെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് കോട്ടക്കലില്‍ പൊലീസ് ഇടപ്പെട്ടു.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആര്‍എസ്‌എസ് ശാഖയും ആയുധപരിശീലനവും നടത്തുന്നുവെന്നാരോപിച്ച്‌ മുദ്രാവാക്യം വിളികളുമായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്.

നാലുദിവസം മുമ്ബാണ് ക്ഷേത്രപരിസരത്ത് ശാഖ ആരംഭിച്ചത്. വിശ്വാസികള്‍ ആരാധന നടത്തുന്ന ക്ഷേത്രത്തിന്‍്റെ മുറ്റം സാമൂഹ്യ സ്പര്‍ധ ഉണ്ടാക്കുന്ന ശാഖ നടത്താന്‍ പാടില്ലെന്നും മറ്റ് ജനവിഭാഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നുമാണ് ആരോപണം. ആരാധനാലയങ്ങളുടെ പരിസരത്ത് ശാഖ പോലുള്ള പരിപാടി നടത്താന്‍ പാടില്ലെന്ന കോടതി വിധി ഉണ്ടായിട്ടും പൊലീസിന് തടയാന്‍ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

മലപ്പുറം പൊലീസ് ഇന്‍സ്പെക്ടര്‍ ജോബിതോമസ്, കോട്ടക്കല്‍ എസ്.ഐ കെ.എസ് പ്രിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് പൊലീസ് ക്യാമ്ബ് ചെയ്യുകയാണ്. ഇന്ന് ഇരു വിഭാഗങ്ങളേയും പൊലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.