Type Here to Get Search Results !

'ആ' പുതിയ മാറ്റങ്ങള്‍ വിനയായി, കുടുംബത്തോടൊപ്പം മക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച പ്രവാസിയെ തടഞ്ഞു, മലയാളിക്ക് വന്‍ തുക പിഴ


മതിയായ രേഖകളില്ലാതെ കഴിയുന്നവരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയാണ് സൗദിയില്‍ നടക്കുന്നത്. ഇതില്‍ ഒരു വീട്ടുവീഴ്ച്ചയും കൂടാതെ തന്നെ രാജ്യത്തെ മിക്ക ഇടങ്ങളും അരിച്ചുപെറുക്കി പരിശോധന നടക്കുന്നുണ്ട്.
ഇപ്പോള്‍ മതിയായ രേഖകള്‍ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച മലയാളിക്ക് വന്‍ തുക പിഴയിട്ടിരിക്കുകയാണ് അധികൃതര്‍. മലപ്പുറം വാഴക്കാട് സ്വദേശി നൗഷാദിനാണ് പിഴ ചുമത്തിയത്. സന്ദര്‍ശന വീസയിലുള്ള മാതാപിതാക്കള്‍ അടക്കമുള്ള കുടുംബത്തെ ജിദ്ദയില്‍ നിന്നു മക്കയിലേയ്ക്ക്‌ ഉംറയ്ക്ക്‌ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഹജ്ജിന് മുന്നോടിയായി മക്കയിലേയ്ക്കുള്ള പ്രവേശനത്തിന് കഴിഞ്ഞ ദിവസം മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിയമത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ച്‌ അറിയാതെ എത്തിയ മലപ്പുറം വാഴക്കാട് സ്വദേശി നൗഷാദിനാണ് പിഴ ചുമത്തിയത്.

പുതിയ മാറ്റങ്ങള്‍ ശ്രദ്ധിക്കാതെയാണ് മലപ്പുറം സ്വദേശി മക്കയിലേയ്ക്ക് കുടുംബത്തോടൊപ്പം പോയത്. കുടുംബത്തിന് ഉംറ അനുമതി പത്രം ഉണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മക്ക ചെക്ക് പോസ്റ്റില്‍ രേഖകള്‍ പരിശോധിച്ച ശേഷം 500 റിയാല്‍ പിഴ ചുമത്തി ജിദ്ദയിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നു.അതേസമയം ഹജ്ജിന് മുന്നോടിയായി വിദേശികള്‍ക്ക് മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം പ്രാബല്യത്തിലായി കഴിഞ്ഞു. ഹജ്ജ്, ഉംറ പെര്‍മിറ്റുള്ളവര്‍ക്കും മക്കയില്‍ നിന്നും ഇഷ്യൂ ചെയ്ത ഇഖാമയുള്ളവര്‍ക്കും മക്കയില്‍ പ്രവേശിക്കുന്നതിന് ഇളവുണ്ട്.

മക്കയില്‍ ജോലിയുള്ള സ്ഥാപന ജീവനക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍, സ്വദേശികളുടെ വിദേശി ബന്ധുക്കള്‍, ഹജ്ജ് സീസണ്‍ തൊഴില്‍ വിസയുള്ളവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കി പ്രത്യേക അനുമതി പത്രം നേടുന്നതോടെ അവര്‍ക്കും മക്കയിലേക്ക് പ്രവേശനം അനുവദിക്കും. ഇവര്‍ക്കുള്ള അനുമതി പത്രം സൗദി ആഭ്യന്തര മന്ത്രാലയം നല്‍കിത്തുടങ്ങിയിട്ടുണ്ട്. മുകളില്‍ പറയപ്പെട്ട വിഭാഗങ്ങളും സ്വദേശികളുമല്ലാത്ത എല്ലാവരെയും മക്കയിലേക്കുള്ള പ്രവേശന കവാടത്തില്‍ തടഞ്ഞു തിരിച്ചയക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കൂടുതല്‍ സുരക്ഷാ വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജിന് ഒരുക്കം സജീവമാകുന്നതിനിടെയാണ് പുതിയ നിയന്ത്രണം.

ഈ മാസം 21 മുതല്‍ വിദേശ ഹാജിമാര്‍ പുണ്യഭൂമിയിലെത്തിത്തുടങ്ങും.എന്നാല്‍ ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് ഹജ്ജ് സീസണില്‍ ഹജ്ജ് ചെയ്യാനോ ഉംറ ചെയ്യാനോ അനുവാദമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 90 ദിവസത്തെ ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് ഉംറ ചെയ്യാന്‍ മാത്രമേ അനുമതിയുള്ളു. പക്ഷേ ഹജ്ജ് സീസണില്‍ ഉംറക്കും അനുമതിയുണ്ടാവില്ല. രാജ്യത്തെ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ടൂറിസ്റ്റ് വിസയിലുള്ളവരെ ഹജ്ജ് ചെയ്യുന്നതില്‍ നിന്ന് തടയുന്നുണ്ട്.

കൂടാതെ ഹജ്ജ് സീസണില്‍ ഉംറ ചെയ്യുന്നതില്‍ നിന്നുകൂടി തടയുന്നുണ്ട്. നിയമങ്ങള്‍ പാലിക്കാന്‍ വിനോദസഞ്ചാരികളോടും സന്ദര്‍ശകരോടും മന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുകയാണ്. നിയമങ്ങള്‍ ലംഘിക്കാതിരിക്കാന്‍ സന്ദര്‍ശന വിസയുടെ കാലാവധി കഴിയുന്നതോടെ രാജ്യം വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. വിശുദ്ധ ഹജ്ജ് ജൂണ്‍ 26 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഹജ്ജിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചാലായിരിക്കും ഹജ്ജ് കര്‍മ്മത്തിന്റെ ദിവസങ്ങള്‍ കണക്കാക്കുക.