മുസ്ലിം ലീഗ് നേതാക്കളായ കെഎം ഷാജിയെ രൂക്ഷമായി വിമര്‍ശിച്ചും പികെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ചും പിവി അന്‍വര്‍ എംഎല്‍എ.താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എംഎല്‍എയുടെ പ്രതികരണം. പിണറായി വിജയന്‍ ഞങ്ങളുടെ ഔദാര്യത്തിന്റെ ഭാഗമായി താനൂരില്‍ വന്ന് പോയെന്ന് കെഎം ഷാജി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് 14 ജില്ലകളിലും വന്ന് പോകാന്‍ ഇവിടെ ഒരുത്തന്റെയും ഔദാര്യം ആവശ്യമില്ല. അങ്ങനെ പ്രഖ്യാപിക്കാന്‍ മലപ്പുറം ജില്ല ഒരുത്തന്റെയും തറവാട്ട് സ്വത്തല്ലെന്നാണ് ഇതിനോട് പിവി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഇന്നത്തെ മുസ്ലീം ലീഗിന്റെ രാഷ്ട്രീയത്തെ രണ്ടായി തന്നെ തരം തിരിക്കാം. ഒന്നാമത്തേത്, സ്വന്തം രാഷ്ട്രീയത്തില്‍ ഊന്നി നിന്ന് കൊണ്ട് തന്നെ പക്വതയോടെ നിലപാടെടുക്കുന്ന, നാടിന്റെ വിഷമം പൊതുവിഷയമായി കണ്ട് അതില്‍ രാഷ്ട്രീയം ചേര്‍ക്കാതെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പി.കെ.കുഞ്ഞാലികുട്ടി സാഹിബിന്റെ രാഷ്ട്രീയം. താനൂര്‍ ദുരന്തവേളയില്‍ അദ്ദേഹം ഉയര്‍ത്തിയ നിലപാട് അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഒരുപക്ഷേ,കേരളം ആഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും അദ്ദേഹത്തെ പോലെ ഒരു പ്രതിപക്ഷ നേതാവിനെയാണ്. അത്ര പക്വതയോടെയാണ് അദ്ദേഹത്തിന്റെ ഇടപെടല്‍.
മറുവശത്ത്, അഹങ്കാരത്തിന്റെ ചില പ്രതിരൂപങ്ങളുണ്ട്. "പിണറായി വിജയന്‍ ആരാണ്?ഒരു പഞ്ചായത്ത് മെമ്ബറെങ്കിലുമാണോ?" എന്ന ചോദ്യം ഉയര്‍ത്തിയയിടത്ത് നിന്ന് ഒരു പഞ്ചായത്ത് മെമ്ബര്‍ പോലും അല്ലാതെ,"ഞാന്‍ ഫൈറ്റ് ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്"എന്ന് പറയിക്കുന്ന നിലയിലേക്ക് പടച്ചവന്‍ ഈ രണ്ടാംകിട വിഭാഗത്തെ കൊണ്ടെത്തിച്ചിട്ടുണ്ട്. പി കെ കുഞ്ഞാലികുട്ടി ഉയര്‍ത്തിയ രാഷ്ട്രീയം, അദ്ദേഹത്തിന്റെ ഗ്രാഫിനെ ഉയര്‍ത്തിയിട്ടുണ്ട് എന്ന തോന്നല്‍ ഈ രണ്ടാംകിട വിഭാഗത്തെ നല്ലവണ്ണം ചൊടിപ്പിച്ചിട്ടുണ്ട്. അങ്ങനിപ്പോ കുഞ്ഞാപ്പ ആളാവേണ്ട എന്ന ലൈന്‍.!
