Type Here to Get Search Results !

മന്ത്രി വീണ ജോര്‍ജിനെ കണ്ടപ്പോള്‍ മഅദ്നി കേരളത്തില്‍ ഉണ്ടോയെന്നായിരുന്നു പ്രതികരണമെന്ന് പി.ഡി.പി; ഇത് വേദനിപ്പിച്ചു



കൊച്ചി: മഅ്ദനിയുടെ ആരോഗ്യനിലയെപ്പറ്റി പരിശോധിക്കുന്നതിന് സര്‍ക്കാര്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും കേരളത്തിന്റേതായ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കണമെന്നും പി.ഡി.പി ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ മന്ത്രി വീണ ജോര്‍ജിനെ കണ്ടപ്പോള്‍ മഅദ്നി കേരളത്തില്‍ ഉണ്ടോയെന്നായിരുന്നു പ്രതികരണം. ഇത് മഅ്ദനിയുടെ കുടുംബത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വേദന ഉളവാക്കിയെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു. 

ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാൻ അനുമതി ലഭിച്ച്‌ കേരളത്തിലേക്ക് എത്തിയ അബ്‌ദുന്നാസിര്‍ മഅ്ദനിക്ക് കൊച്ചിയില്‍ എത്തിയപ്പോള്‍ സുഖമില്ലാതായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഈ ആവശ്യവുമായി ആരോഗ്യമന്ത്രിയെ സമീപിച്ചപ്പോഴാണ് കേരളത്തിലുണ്ടോയെന്ന ചോദ്യം. 

എല്ലാറ്റിനെയും സ്പോര്‍ട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്ന് മഅ്ദനി

എല്ലാറ്റിനെയും സ്പോര്‍ട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്ന് പി.ഡി.പി ചെയര്‍മാൻ അബ്ദുന്നാസിര്‍ മഅ്ദനി. വര്‍ഷങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ച കേരളത്തിലെത്തിയ മഅ്ദനി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഈ വരവിനും ഞാൻ അഭിമുഖീകരിക്കുന്ന നീതി നിഷേധത്തിനെതിരായ പോരാട്ടത്തിനും കേരളത്തിലെ നല്ല വരായ മനുഷ്യര്‍ നല്‍കി പിന്തുണ വളരെ വലുതാണ്. ഒരു പാട് സഹോദരങ്ങളുടെ പ്രാര്‍ത്ഥനയുണ്ട്. അതുകൊണ്ടാണ് പിടിച്ച്‌ നില്‍ക്കാൻ കഴിയുന്നത്. 

ഞാനിതിനെ സ്പോര്‍ട്സ്മാൻ സ്പിരിറ്റോടെയാണ് കാണുന്നത്. എന്നാല്‍, ഒരു പാട് സാധുക്കള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവരുടെ നീതി നിഷേധത്തിന് അറുതിയില്ല എന്ന അവസ്ഥയാണുളളത്. ഓരോളോട് വിരോധം തോന്നിയാല്‍ കേസില്‍ കുടുക്കുക എന്ന സാഹചര്യമാണുള്ളത്. എനിക്കെതിരെരായ കേസ് എത്ര നീണ്ടികൊണ്ടുപോയാലും ഒരു വര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്ന കേസായിരുന്നു. അതിപ്പോള്‍ 14 വര്‍ഷമായി. ഇപ്പോഴും വിചാരണ പൂര്‍ത്തിയായിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ കേസിന്റെ പോക്ക് നോക്കിയാല്‍ ഇനിയും വര്‍ഷങ്ങളെടുക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനം പുന:പരിശോധിക്കേണ്ട ഘട്ടത്തിലാണുള്ളത്. എനിക്കും കേരളത്തിനും ബോധ്യമുണ്ട് എനിക്കെതിരായ കേസ് കള്ളക്കേസാണെന്ന്. ഞാനിതിനെ അങ്ങ് സ്വീകരിക്കുകയാണ്. എന്റെ പ്രതീക്ഷ കേരളീയ സമൂഹത്തിന്റെ പിന്തുണയിലും പ്രാര്‍ത്ഥനയിലുമാണെന്നും മഅ്ദനി പറഞ്ഞു.

കര്‍ണാടകയിലെ ഭരണമാറ്റം കേരളത്തിലേക്കുള്ള യാത്രക്ക് സഹായിച്ചോ എന്ന ചോദ്യത്തിന്, സഹായം എന്ന് പറയാനാവില്ല, ദ്രോഹിച്ചില്ലെന്ന് പറയാമെന്ന് മഅ്ദിനി പറഞ്ഞു. സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് പ്രയോജനപ്പെടുത്തിയാണ് നാട്ടിലേക്ക് എത്തിയത്. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മഅ്ദനി കൊല്ലം അൻവാര്‍ശേരിയിലേക്ക് പോയി.ആംബുലന്‍സിലാണ് കൊല്ലത്തേക്ക് പോയത്. കര്‍ണാടക,കേരള പൊലീസും, ഡോക്ടര്‍മാരുടെ സംഘവും ഒപ്പമുണ്ട്. പിഡിപി പ്രവര്‍ത്തകരും മഅദനിയെ സ്വീകരിക്കാൻ കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തിലെത്തി.