Type Here to Get Search Results !

ബൈക്കില്‍ പന്നിക്കൂട്ടം ഇടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്

ബൈക്കില്‍ കാട്ടുപന്നികള്‍ ഇടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മാളിയേക്കല്‍ ഉരലംമടക്കലിലെ പിലാക്കല്‍ ഉമ്മറിന്റെ മകൻ മിദ്‍ലാജ് (25), കരുവാടൻ റസാഖിന്റെ മകൻ മുഹമ്മദ് അഫ്റസ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മാളിയേക്കല്‍-ഉദരംപൊയില്‍ റോഡില്‍ വെള്ളപൊയിലിലാണ് രാത്രി കാട്ടുപന്നിക്കൂട്ടം യുവാക്കളുടെ ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും റോഡില്‍ വീണ് ശരീരമാസകലം പരിക്കേറ്റു. രണ്ടുപേരെയും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിനും കേടുപാട് സംഭവിച്ചു.

മലയോരത്ത് പന്നികളുടെ ആക്രമണം പതിവാണ്. ഒരാഴ്ചക്കുള്ളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുറ്റമണ്ണയില്‍ പന്നിയെ തട്ടിമറിഞ്ഞ് ഓട്ടോ തകര്‍ന്നത് അടുത്തിടെയാണ്. വനമേഖലയില്‍നിന്ന് ഏറെ അകലെയുള്ള പ്രദേശങ്ങളിലാണ് പകല്‍പോലും പന്നികളുടെ സാന്നിധ്യമുള്ളത്. പന്നിക്കൂട്ടം കുറുകെ ചാടിയാണ് അപകടങ്ങള്‍ പതിവായി ഉണ്ടാകുന്നത്. പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.