54ാം പിറന്നാള്‍ ആഘോഷിച്ച മലപ്പുറത്തിന്‍റെ പ്രധാന ആതുരാലയമാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. ജില്ലയുടെ ഏക മെഡിക്കല്‍ കോളജും ഇതുതന്നെ.
എന്നാല്‍ ആരംഭിച്ച് പത്ത് വര്‍ഷമാകുമ്ബോഴും ശൈശവം പിന്നിട്ട് ബാല്യത്തിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. മെഡിക്കല്‍ കോളജിന്‍റെ വികസനം ആവശ്യപ്പെടുമ്ബോഴെല്ലാം സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജില്ലയോടുള്ള അവഗണന തുടരുകയും ചെയ്യും.
സ്ഥല പരിമിതി 'അത്യാഹിത' വിഭാഗത്തില്‍
മഞ്ചേരി: പ്രതിദിനം 2500ലധികം രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയുടെ വികസനത്തിന് പ്രധാന തടസ്സം സ്ഥലപരിമിതിയാണ്. 23 ഏക്കര്‍ ഭൂമി മാത്രമാണ് ആശുപത്രിക്കുള്ളത്. ഇതിലുള്ള മിക്ക സ്ഥലത്തും കെട്ടിടം ഉയര്‍ന്നു. ഇനി അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണമെങ്കില്‍ സ്ഥലം കണ്ടെത്തിയേ തീരൂ. മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള 2.810 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്.
ഇതിനായി മൂന്ന് വര്‍ഷം മുമ്ബ് 13 കോടി രൂപ അനുവദിച്ചിരുന്നു. സ്ഥലം വിട്ടുനല്‍കാൻ ഉടമകളും സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഇത് ഏറ്റെടുത്താല്‍ പോലും 28 ഏക്കര്‍ ഭൂമി മാത്രമാണ് ആശുപത്രിക്ക് ഉണ്ടാവുക. വേട്ടേക്കോട് ആശുപത്രിക്കായി 50 ഏക്കര്‍ ഭൂമി കണ്ടെത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ കനിയുന്നില്ല. പലതവണ അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും സാമ്ബത്തിക ബാധ്യത ചൂണ്ടിക്കാട്ടി തള്ളുകയാണ് ഉണ്ടായത്.മെഡിക്കല്‍ കോളജ് വിശാലമായ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന പൊതു ആവശ്യമാണ് മഞ്ചേരിയില്‍നിന്നുയരുന്നത്.
കിടക്കകള്‍ 501 മാത്രം
2013 സെപ്റ്റംബര്‍ ഒന്നിനാണ് ജില്ലയുടെ ഏക ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയത്. ജില്ലയുടെ ആരോഗ്യമേഖലക്ക് മുതല്‍ക്കൂട്ടാകുമെന്ന് എല്ലാവരും കരുതി. എന്നാല്‍ ഉദ്ഘാടനം കാത്ത് കിടന്നിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മഞ്ചേരിക്ക് നഷ്ടമായി.
ഈ കെട്ടിടം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അക്കാദമിക് ബ്ലോക്കായി മാറി. ഇവിടെ 300 കിടക്കകളും ജനറല്‍ ആശുപത്രിയുടെ 500 കിടക്കകളും ഉള്‍പ്പടെ 800 കിടക്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് ആയതോടെ ഇത് കുറഞ്ഞു. ആശുപത്രിയുടെ മുകളിലെ നിലകളില്‍ പോലും ഹൗസ് സര്‍ജൻമാരെ താമസിപ്പിക്കേണ്ടി വന്നു. ഇത് വീണ്ടും കിടക്കകള്‍ കുറയാൻ കാരണമായി. പലപ്പോഴും പൂര്‍ണ ഗര്‍ഭിണികളും നവജാത ശിശുക്കളും അടക്കം നിലത്ത് കിടക്കേണ്ട ഗതി വന്നിരുന്നു.
ജനറല്‍ ആശുപത്രി പേര് മാറ്റി മെഡിക്കല്‍ കോളജ് ആക്കിയെങ്കിലും ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍മാരെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ജനറല്‍ ആശുപത്രി ഇല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്ബോഴും 56 ഡോക്ടര്‍മാര്‍ ഡി.എച്ച്.എസിന് കീഴിലാണ് ജോലി ചെയ്യുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 92 ഡോക്ടര്‍മാരും ഡെപ്യൂട്ടേഷനില്‍ ആറുപേരും മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരായുണ്ട്. 119 ഒഴിവുകളാണ് ഉള്ളത്.
മന്ത്രിക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി, രോഗികള്‍ക്ക് താലൂക്ക് ആശുപത്രി
മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകള്‍ അടക്കം ലഭ്യമാകുന്നുണ്ടെന്നാണ് പലപ്പോഴും ആരോഗ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിക്കാറ്. 2021ല്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴും ഇത് തുടര്‍ന്നു. ഈ ബജറ്റില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് അനുവദിക്കാൻ എം.എല്‍.എ ബജറ്റില്‍ പണം നീക്കിവെക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. പലപ്പോഴും പല അപകടങ്ങള്‍ സംഭവിച്ച രോഗികളെ മഞ്ചേരിയില്‍ എത്തിച്ചാലും പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മടക്കി അയക്കാറാണ് പതിവ്. ഇത് പലപ്പോഴും രോഗികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു.
കാര്‍ഡിയോളജി, നെഫ്രോളജി, യൂറോളജി, ന്യൂറോളജി ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ഉണ്ടെങ്കിലും തസ്തിക ഇല്ലാത്തതിനാല്‍ ജനറല്‍ മെഡിസിന്റെ ഭാഗമായാണ് സേവനം. 15 വിഷയങ്ങളില്‍ പി.ജി കോഴ്സ് തുടങ്ങാൻ ആറ് വര്‍ഷം മുമ്ബ് അപേക്ഷ നല്‍കിയിരുന്നെങ്കിലും മൂന്ന് വിഷയങ്ങളില്‍ മാത്രമാണ് നാഷനല്‍ മെഡിക്കല്‍ കമീഷൻ അനുമതി നല്‍കിയത്. ഡെര്‍മറ്റോളജി, ഒഫ്താല്‍മോളജി, ഇ.എൻ.ടി എന്നിവയിലാണ് പി.ജി പഠനമുള്ളത്.
തീവ്രപരിചരണബ്ലോക്കും കാത്ത്
ഒരു വര്‍ഷം മുമ്ബ് പ്രഖ്യാപിച്ച ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് (തീവ്രപരിചരണ വിഭാഗം) പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന പഴയ പൊതുമരാമത്ത് റസ്റ്റ് ഹൗസ് പൊളിച്ചാണ് ബ്ലോക്ക് നിര്‍മിക്കുന്നത്. 23 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചിരുന്നു. 50 കിടക്കകളാണ് ഇവിടെ ഉണ്ടാവുക. പത്ത് വര്‍ഷത്തിനിടെ ലഭിച്ച പ്രധാന പദ്ധതിയും ഇതുതന്നെ.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലുമാസം മുമ്ബ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ മഞ്ചേരിക്ക് സ്ഥലപരിമിതി വില്ലനായി. ആശുപത്രിയോട് ചേര്‍ന്ന് റേഡിയോളജി ബ്ലോക്കും റസിഡൻറ് ക്വാര്‍ട്ടേഴ്സ് നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം നഴ്സിങ് കോളജ് ആരംഭിച്ചെങ്കിലും താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം.
സ്വന്തം കെട്ടിടവും കാമ്ബസും ഇല്ലാതെയാണ് നഴ്സിങ് കോളജ് തുടങ്ങിയത്. മെഡിക്കല്‍ കോളജിന്റെ ക്ലാസ് മുറികളും ഓഫിസ് സ്ഥലവും പ്രയോജനപ്പെടുത്തിയാണിത്. കോളജിനും കെട്ടിടം നിര്‍മിക്കാൻ പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും. മൂന്ന് വര്‍ഷത്തിനകം സ്വന്തം കെട്ടിടത്തിലേക്ക് മാറണമെന്നാണ് ഇന്ത്യൻ നഴ്സിങ് കൗണ്‍സിലിന്‍റെ (ഐ.എൻ.സി) വ്യവസ്ഥ.
പനി ബാധിതരുടെ എണ്ണവും കൂടുന്നു
കഴിഞ്ഞ ഒരാഴ്ചക്കിടെ 400ല്‍ അധികം പേരാണ് പനി ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പ്രത്യേക വാര്‍ഡ് തുറന്നിട്ടുണ്ട്. രണ്ട്, ഏഴ്, ഒമ്ബത് വാര്‍ഡുകളാണ് പനി ബാധിതര്‍ക്കായി സജ്ജമാക്കിയത്. ഇവിടെ ഡെങ്കിപ്പനി ബാധിച്ചവര്‍ക്കും കിടക്കകള്‍ ക്രമീകരിച്ചു. വാര്‍ഡ് രണ്ടില്‍ 38 കിടക്കകളാണുള്ളത്. ഇതില്‍ 13 എണ്ണം ഡെങ്കിപ്പനി ബാധിതര്‍ക്കാണ്. ഏഴ്, ഒമ്ബത് വാര്‍ഡുകളില്‍ 40 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. 11 കിടക്കകള്‍ ഡെങ്കി ബാധിതര്‍ക്കായി മാറ്റിയിട്ടുണ്ട്.
