Type Here to Get Search Results !

തിരൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ സൗകര്യം വട്ടപൂജ്യം

തിരൂരില്‍ നഗരസഭ സ്റ്റാൻഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷൻ മാസ്റ്റര്‍ ഓഫിസ് നവീകരിച്ച്‌ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്റ്റേ സെന്ററാക്കി ഉയര്‍ത്തണമെന്ന് ആവശ്യം ശക്തമാവുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചേംബര്‍ ഓഫ് കൊമേഴ്സ് നിര്‍മിച്ചു നല്‍കിയ താല്‍ക്കാലിക കെട്ടിടത്തിലാണ് ഇപ്പോഴും ഓഫിസ് പ്രവര്‍ത്തിക്കുന്നത്. അടച്ചുറപ്പില്ലാത്ത കെട്ടിടത്തില്‍ പേരിനു പോലും സൗകര്യങ്ങളൊന്നുമില്ല.

ഈ ഓഫിസില്‍ തന്നെയാണ് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സിയുടെ കൊറിയര്‍ സര്‍വിസും പ്രവര്‍ത്തനം ആരംഭിച്ചത്. ഓഫിസ് സ്റ്റേ സെന്ററായി പുനര്‍നിര്‍മിച്ച്‌ സ്റ്റേ സര്‍വിസില്‍ വരുന്ന ജീവനക്കാര്‍ക്ക് രാത്രിയില്‍ സ്റ്റേ ചെയ്യാൻ സൗകര്യം കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കണം എന്നാണ് ആവശ്യം. നിലവില്‍ പാലക്കാട് ഡിപോ ഓപറേറ്റ് ചെയ്യുന്ന തിരൂര്‍-കോയമ്ബത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ജീവനക്കാര്‍ ബസില്‍ തന്നെയാണ് രാത്രി താമസിക്കുന്നത്. 

മുമ്ബ് മലപ്പുറം ഡിപ്പോ മറ്റൊരു സ്റ്റേ സര്‍വിസ് ഓപറേറ്റ് ചെയ്തിരുന്നു. മലപ്പുറത്തുനിന്നും രാത്രി തിരൂരിലെത്തി പിറ്റേന്ന് പുലര്‍ച്ച അഞ്ചിന് തിരൂരില്‍നിന്ന് മഞ്ചേരിയിലേക്ക് പുറപ്പെടുന്ന രീതിയിലായിരുന്നു സര്‍വിസ്. ഈ ബസിലെ ജീവനക്കാര്‍ സ്റ്റേഷൻ മാസ്റ്റര്‍ ഓഫിസില്‍ തന്നെയായിരുന്നു രാത്രി കിടന്നിരുന്നത്. ഇവിടെ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഈ സര്‍വിസ് നിര്‍ത്തേണ്ടി വന്നു. 

നാല് ബസിലെ ജീവനക്കാര്‍ക്ക് എങ്കിലും രാത്രി സ്റ്റേ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണെങ്കില്‍ തിരൂരില്‍നിന്ന് ആരംഭിക്കുന്ന സര്‍വിസുകള്‍ വര്‍ധിപ്പിക്കാനാവും. ഇതില്‍ത്തന്നെ സ്റ്റേഷൻ മാസ്റ്റര്‍ ഓഫിസും റിസര്‍വേഷൻ കൗണ്ടറും ആരംഭിക്കാനുമാകും. മാത്രമല്ല ബസുമായി പകല്‍ സര്‍വിസ് വരുന്ന ജീവനക്കാര്‍ക്കും വിശ്രമിക്കുകയും ചെയ്യാം. 

നിലവിലുള്ള കെട്ടിടത്തില്‍ വാഷ് റൂം സൗകര്യവും ഇല്ല. ബസ് സ്റ്റാൻഡിലെ ടോയ്ലറ്റ് സംവിധാനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ സ്റ്റാൻഡിലെത്തുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ആശ്രയം സമീപത്തെ പെട്രോള്‍ പമ്ബും പള്ളികളുമാണ്. ഈയിടെ തിരൂര്‍ വഴി ഒരുപാട് ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സ്റ്റാൻഡില്‍ യാത്രക്കാര്‍ക്ക് ഇരിക്കാൻ സൗകര്യങ്ങളില്ല. പലപ്പോഴും വൈകിയെത്തുന്ന ദീര്‍ഘദൂര ബസുകള്‍ വരുന്നതുവരെ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ദീര്‍ഘദൂര ബസുകളുടെ ട്രാക്കുകളോട് ചേര്‍ന്ന് ഇരിപ്പിടങ്ങള്‍ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.