Type Here to Get Search Results !

'ധര്‍മ്മടത്ത് ഷാഫിയെങ്കില്‍ പിണറായി വീട്ടിലിരിക്കും'; ചുവപ്പ് കോട്ട ഇത്തവണ ഇളകുമോ? തദ്ദേശ ഫലവും മണ്ഡല ചരിത്രവും അറിയാം




മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലം എന്നത് തന്നെയാണ് ധർമ്മടത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേറിട്ട് നിർത്തുന്നത്.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകള്‍ ആരംഭിക്കുമ്ബോള്‍ തന്നെ പിണറായി വീണ്ടും മത്സരിക്കുമോയെന്നും എതിരാളിയായി ഷാഫി പറമ്ബില്‍ എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ജിൻ്റോ ജോണിൻ്റെ പ്രതികരണത്തോടെ ഈ ചർച്ചകള്‍ ചൂട് പിടിക്കുകയും ചെയ്തു. എന്താണ് ധർമ്മടത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷമെന്നും വരുന്ന തെരഞ്ഞെടുപ്പിലെ സാധ്യതകളും വിശദമായി അറിയാം.

സിപിഎമ്മില്‍ രണ്ട് ടേം വ്യവസ്ഥകളില്‍ ഇത്തവണ ഇളവ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നിന്ന് തന്നെ വീണ്ടും മത്സരിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. അങ്ങനെയെങ്കില്‍ ആരായിരിക്കും മുഖ്യമന്ത്രിയുടെ എതിരാളി എന്നാണ് അറിയേണ്ടത്. കഴിഞ്ഞതവണ അവസാന നിമിഷമായിരുന്നു കോണ്‍ഗ്രസ് ധർമ്മടത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇത്തവണ ഷാഫി പറമ്ബില്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ചർച്ചയില്‍ ഉയർന്നുവരുന്നുണ്ട്.

കഴിഞ്ഞദിവസം ഒരു ഓണ്‍ലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ് നേതാവ് ജിൻ്റോ ജോണ്‍ നടത്തിയ പ്രതികരണമാണ് പിണറായി വിജയൻ - ഷാഫി പറമ്ബില്‍ ചർച്ചകള്‍ സജീവമാക്കിയത്. 'ധർമ്മടത്ത് ഷാഫി പറമ്ബില്‍ മത്സരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഷാഫി മത്സരിച്ചാല്‍ പിണറായി വീട്ടില്‍ ഇരിക്കും' എന്നായിരുന്നു ജിൻ്റോ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസിന് അത്ര എളുപ്പത്തില്‍ ജയിച്ച്‌ കയറാൻ കഴിയുന്ന മണ്ഡലമല്ല ധർമ്മടം.


ധർമ്മടം നിയോജക മണ്ഡലം

2008ലെ നിയമസഭാ പുൻനിര്‍ണയത്തോടെയാണ് ധർമ്മടം മണ്ഡലം നിലവില്‍ വന്നത്. അതിന് മുമ്ബ് തലശേരി, എടക്കാട് നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് ഇന്നത്തെ ധർമ്മടം മണ്ഡലത്തിലുള്ളത്. ചെമ്ബിലോട്, കടമ്ബൂർ, പെരളശ്ശേരി, ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

2011 ലാണ് ധർമടം ആദ്യത്തെ നിയമസഭാ തെരെഞ്ഞെടുപ്പ് നടന്നത്. സിപിഎം നേതാവ് കെകെ നാരായണനായിരുന്നു അന്ന് ഇവിടെ നിന്ന് വിജയിച്ചത്. 15,162 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു നാരായണന് ലഭിച്ചത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെ ആദ്യമായി മത്സരത്തിനിറങ്ങിയപ്പോള്‍ 36,905 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലം നല്‍കിയത്. 2021ല്‍ ഇത് 50,123 വോട്ടുകളുടെ ഭൂരിപക്ഷമായി ഉയർന്നു.
ധർമ്മടത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടായപ്പോഴും ധർമ്മടത്തെ വോട്ടർമാർ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ധർമ്മടത്ത് 25,577 വോട്ടുകളുടെ ലീഡാണ് നിലവില്‍ എല്‍ഡിഎഫിനുള്ളത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 50,123 വോട്ടുകളുണ്ടായത് 25,577 ലേക്ക് കുറഞ്ഞെന്ന് പറയാമെങ്കിലും രണ്ട് തെരഞ്ഞെടുപ്പുളുടെ സാഹചര്യം വ്യത്യസ്തമാണെന്നത് പ്രത്യേകം ഓർക്കണം. ധർമ്മടത്ത് വീണ്ടും പിണറായി മത്സരിക്കാനിറങ്ങുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ നിലയില്‍ നിന്ന് വോട്ട് ഉയരാനാണ് സാധ്യത.

കടമ്ബൂരിലും വേങ്ങാടിലും യുഡിഎഫ് വോട്ടുകള്‍ ഇത്തവണ കൂടിയിരുന്നു. ചെമ്ബിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസവും കുറഞ്ഞു. ഇതാണ് കഴിഞ്ഞതവണത്തെ അപേക്ഷിച്ച്‌ ധർമ്മടത്ത് ഇടതുപക്ഷത്തിന് ഭൂരിപക്ഷം കുറയാൻ കാരണമായത്. എന്നാല്‍ പിണറായി പഞ്ചായത്തില്‍ എല്‍ഡിഎഫ് വൻ ലീഡ് നിലനിർത്തിയത് മൊത്തത്തിലുള്ള മുന്നേറ്റം സാധ്യമാക്കി.

ആരാകും കോണ്‍ഗ്രസ് സ്ഥാനാർഥി?

ഇത്തവണ ഒരു 'ഹൈ പ്രൊഫൈല്‍' സ്ഥാനാർഥിയെ ധർമ്മടത്ത് പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് ആലോചന. ഒരു യുവ നേതാവിനെ കളത്തിലിറക്കിയാല്‍ ജയിക്കാനായില്ലെങ്കിലും ഈ പോരാട്ടം മറ്റു മണ്ഡലങ്ങളിലെ പോരാട്ടത്തിന് ഊർജ്ജമാകുമെന്നാണ് പ്രതീക്ഷ. വടകരയില്‍ കെകെ ശൈലജയ്ക്കെതിരെ ഷാഫി പറമ്ബിലിനെ ഇറക്കി വിജയം നേടിയത് പോലെ, ധർമ്മടത്തും ഒരു 'സർപ്രൈസ്' നീക്കം നടന്നാല്‍ മണ്ഡലം പിടിച്ചെടുക്കാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധർമ്മടത്ത് മുഖ്യമന്ത്രിയെ നേരിടാൻ ഷാഫി പറമ്ബില്‍ എത്തിയാല്‍ അത് കേവലം ഒരു മത്സരമല്ല, മറിച്ച്‌ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമായി മാറും.

ഷാഫി ധർമ്മടത്ത് ഇറങ്ങിയാല്‍, അത് യുഡിഎഫ് പ്രവർത്തകരെ ആവേശത്തിലാക്കും. ചെറുപ്പക്കാരെയും നിഷ്പക്ഷ വോട്ടർമാരെയും ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞേക്കും. എന്നാല്‍ ധർമ്മടത്ത് വിജയിക്കാൻ ഇതുകൊണ്ട് മാത്രം കോണ്‍ഗ്രസിന് സാധിക്കില്ല. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ധർമ്മടം ഒരു കേഡർ മണ്ഡലമാണ്. അവിടെ ഓരോ വോട്ടും കൃത്യമായി പോള്‍ ചെയ്യിക്കാൻ സിപിഎമ്മിന് പ്രത്യേക സംവിധാനമുണ്ട്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങള്‍ വോട്ടായി മാറുമെന്നും എല്‍ഡിഎഫ് വിശ്വസിക്കുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പിണറായി വിജയൻ്റെ വ്യക്തിപ്രഭാവം മറികടക്കുക എന്നതും ഷാഫിക്ക് ഹിമാലയൻ ടാസ്ക് തന്നെയാകും.