Type Here to Get Search Results !

സഹോദരന്‍റെ മകളെ കാത്തു നിന്ന ആൻസി, സ്കൂട്ടറിന്‍റെ താക്കോലെടുക്കാതെ സ്കൂള്‍ ബിസിനടുത്തെത്തി; ഒറ്റ മിനിറ്റ്, വണ്ടിയുമായി മുങ്ങി ചുവന്ന ടീഷര്‍ട്ടുകാരൻ

പട്ടാപ്പകല്‍ ഉടമ തൊട്ടടുത്തിരിക്കെ സ്കൂട്ടർ മോഷ്ടിച്ച്‌ കടന്ന യുവാവിനെ പൊക്കി പൊലീസ്. തൃശ്ശൂർ പറവട്ടാനി സ്വദേശി ബെഫിൻ ആണ് പിടിയിലായത്.പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ സ്കൂള്‍ വിട്ടുവന്ന സഹോദരന്റെ മകളെ കൂട്ടികൊണ്ടുവരാനായി എത്തിയ ആൻസി എന്ന യുവതിയുടെ സ്കൂട്ടറാണ് യുവാവ് നിമിഷ നേരം കൊണ്ട് മോഷ്ടിച്ചത്. കഴിഞ്ഞ എട്ടാം തീയതി ഉച്ചക്ക് 2.40 ഓടെയാണ് മോഷണം നടന്നത്. സഹോദരന്റെ മകളെ കൂട്ടികൊണ്ടുവരാൻ പീച്ചി റോഡ് ജംഗ്ഷനില്‍ സ്കൂട്ടറില്‍ എത്തിയതായിരുന്നു ആൻസി. താൻ നിന്നിരുന്നതിനു തൊട്ട് അടുത്ത് കുട്ടി സ്കൂള്‍ ബസില്‍ നിന്നും ഇറങ്ങുന്നത് കണ്ട് സ്കൂട്ടിയുടെ താക്കോലെടുക്കാതെ ആൻസി ബസിനു അടുത്തേക് ചെന്നു. ബസില്‍ നിന്ന് കുട്ടിയെ കൈ പിടിച്ചു ഇറക്കി തിരിഞ്ഞു നടക്കുന്ന സമയം കൊണ്ട് കള്ളൻ സ്കൂട്ടറുമായി മുങ്ങി.

ചുവന്ന ബനിയൻ ധരിച്ച ഒരാള്‍ തന്റെ സ്കൂട്ടർ കൊണ്ട് പോകുന്നത് കണ്ട് ആദ്യം ആൻസി പകച്ചു. പ്രതികരിക്കും മുമ്പ് കള്ളൻ കണ്മുന്നില്‍ നിന്നും മറഞ്ഞു. ഉടനെ തന്നെ യുവതി തന്റെ ബന്ധുവിനെ വിളിക്കുകയും ഇരുവരും ചേർന്ന് പീച്ചി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. എസ്‌എച്ച്‌ഒ സുകുമാരൻ ഉടനെ തന്നെ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി കള്ളൻ വാഹനവുമായി പോയ ദിശയിലേക്ക് അയച്ചു. അടുത്തുള്ള മണ്ണുത്തി സ്റ്റേഷനിലേക്കും ഒല്ലൂർ എസിപി സുധീരനേയും മോഷണ വിവരം അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തില്‍ സംഭവം നടന്ന സ്ഥലത്തു നിന്നും 200 മീറ്റർ മാറിയുള്ള സിസിടിവി ക്യാമറയില്‍ നിന്നും പ്രതി വാഹനവും കൊണ്ടു പോകുന്ന വീഡിയോയും കണ്ടെത്തി.

പ്രതി വാഹനവുമായി പോയ റൂട്ട് നോക്കി നടത്തിയ പരിശോധനയില്‍ മണ്ണുത്തി പരിധിയിലുള്ള സിസിടിവി ക്യാമറയില്‍ പ്രതിയുടെ രൂപം ഏകദേശം വ്യക്തമാകുന്ന ദൃശ്യം ലഭിച്ചു . ഈ ദൃശ്യം എസിപി മുഖന്തരം സ്ക്വാഡ് അംഗങ്ങള്‍ക്ക് അയച്ചു. തുടർന്ന് തൃശൂർ ഈസ്റ്റ്‌, പാലക്കാട്‌ വടക്കൻഞ്ചേരി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതും തൃശ്ശൂർ പറവട്ടാനി സ്വദേശിയുമായ ബെഫിൻ ആണ് മോഷ്ടാവെന്ന് തിരിച്ചറിയുകയും ചെയ്തു. പ്രതിയുടെ മൊബൈല്‍ നമ്പർ കണ്ടെത്തി ടവർ ലൊക്കേഷൻ എടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച്‌ പരിശോധന തുടങ്ങി. ഒടുവില്‍ 12-ാം തീയതിയാണ് പ്രതിയെ കണ്ടെത്തുന്നത്. ഡ്യൂട്ടിക്ക് പോകുന്നതിനായി അഞ്ചേരിചിറയിലെ വിട്ടില്‍ നിന്നും ഇറങ്ങിയ പീച്ചി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ വിഷ്ണു നടരാജ് ആണ് പ്രതിയെ കണ്ടെത്തിയത്.

രാവിലെ 8.30 മണിയോടെ കുട്ടനെല്ലൂർ മണ്ണുത്തി ദേശിയപാതയിലെ നടത്തറ സിഗ്നല്‍ ജംഗ്ഷനില്‍ ബൈക്കില്‍ എത്തിയ വിഷ്ണു സിഗ്നലിനായി കാത്തുനില്‍ക്കവെ പിന്നില്‍ നിന്നും ഹെല്‍മറ്റ് വെക്കാതെ ഒരാള്‍ ആശ്രദ്ധമായി വരി തെറ്റിച്ചു ഒരു സ്കൂട്ടറില്‍ വന്നു മുന്നിലായി നിർത്തുന്നത് ശ്രദ്ധിച്ചത്. നേരത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പ്രതിയെ കണ്ട് വിഷ്ണുവിന് സംശയം തോന്നി. തുടർന്ന് സ്കൂട്ടറിന്‍റെ നമ്പർ മോഷണം പോയതാണെന്നത് സ്റ്റേഷനില്‍ വിലിച്ച്‌ ഉറപ്പുവരുത്തി. പിന്നാലെ വിഷ്ണു സ്കൂട്ടർ പിന്തുർന്നു. ഏകദേശം 500 മീറ്റർ സഞ്ചരിച്ച മോഷ്ടാവ് അപ്രതീക്ഷിതമായി തൊട്ടടുത്ത പെട്രോള്‍ പമ്പിലേക് വാഹനം ഓടിച്ചു കയറ്റി. എസ്‌എച്ച്‌ഒ സുകുമാറിനെ വിവരം അറിയിച്ച്‌ വിഷ്ണു പിന്നാലെയെത്തി പെട്രോള്‍ പമ്പ് ജീവനക്കാരുടെ സഹായത്തോടെ കള്ളനെ പിടികൂടുകയായിരുന്നു. പമ്പ് ജീവനക്കാരന്റെ സഹായത്തോടെ മോഷ്ടാവിനെ തടയുകയും സ്കൂട്ടറിന്റെ ചാവി കൈകലാക്കുകയും ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ ബലപ്രയോഗത്തിനിടയില്‍ രക്ഷപെടാൻ ശ്രമിച്ച മോഷ്ടാവിനെ വിടാതെ പിടികൂടുകയായിരുന്നു.