Type Here to Get Search Results !

തിരുനാവായ കുംഭമേള: ഭാരതപ്പുഴ കയ്യേറിയുള്ള പാലം നിര്‍മാണം തടഞ്ഞ് റവന്യൂവകുപ്പ്; പരിപാടി നടത്തുമെന്ന് സംഘാടകര്‍


മലപ്പുറം തിരുനാവായയില്‍ കേരള കുംഭമേളയ്ക്ക് ഒരുക്കുന്ന താല്‍ക്കാലിക പാലത്തിൻ്റെയും യജ്ഞശാലയുടെയും നിർമാണം നിർത്തിവയ്ക്കാൻ റവന്യു വകുപ്പ് നോട്ടിസ്.



ഭാരതപ്പുഴയില്‍ മണല്‍ നീക്കി താത്കാലികമായി പാലം നിർമിക്കുന്നതാണ് റവന്യൂ വകുപ്പ് തടഞ്ഞിരിക്കുന്നത്. പുഴ കൈയേറിയുള്ള പാലം നിർമാണവും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കുന്നതും കേരള നദീതീര സംരക്ഷണ നിയമത്തിൻ്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയത്.

തിരുനാവായ മഹാമാഘ മഹോത്സവം തുടങ്ങാൻ ദിവസങ്ങള്‍മാത്രം ശേഷിക്കേയാണ് മുന്നൊരുക്കങ്ങള്‍ക്ക് തിരിച്ചടിയായി നോട്ടീസ് ലഭിച്ചത്. ജനുവരി 18 മുതല്‍ ഫെബ്രുവരി മൂന്നുവരെ കുംഭമേള നടത്താനാണ് തീരുമാനം. ജനുവരി 19 ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് കുംഭമേള ഉദ്ഘാടനം ചെയ്യുന്നത്.

ജൂന അഖാഡയും മാതാ അമൃതാനന്ദമയി മഠവുമാണ് പരിപാടിയുടെ പ്രധാന സംയോജകര്‍. ജൂന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിയ്ക്കാണ് കുംഭമേളയുടെ പ്രധാന ഉത്തരവാദിത്വം. തിരുനാവായയില്‍ പൂര്‍വ്വകാലംമുതലേ നടന്നിരുന്ന മാഘമക മഹോത്സവം തിരികെ കൊണ്ടുവരേണ്ടതിൻ്റെ ആവശ്യകത ഉന്നയിച്ചാണ് പരിപാടി.

ഭാരതപ്പുഴയില്‍ മണല്‍ നീക്കിയുള്ള താത്കാലിക പാലം നിർമാണം ഒരാഴ്ചയോളമായി നടക്കുന്നുണ്ട്. പുഴയുടെ മധ്യഭാഗത്തുള്ള മണല്‍പ്പരപ്പിലേക്കു പോകാനാണ് പാലം നിർമിക്കുന്നത്. ഈ മണല്‍പ്പരപ്പിലാണ് കുംഭമേളയുടെ പൂജകളും മറ്റും നടക്കുക. മൂന്നുദിവസം മുൻപാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ചൊവ്വാഴ്ച വീണ്ടും നിർമാണം തുടങ്ങിയപ്പോള്‍ റവന്യൂ അധികൃതരും പോലീസും എത്തി നിർമാണം നിർത്തിവെക്കാൻ നിർദേശിക്കുകയായിരുന്നു.

പാലം നിർമാണത്തിന് അനുമതിതേടി മാഘമക ഉത്സവ സംഘാടകസമിതി നവംബർ 14 ന് കളക്ടർക്ക് അപേക്ഷ നല്‍കിയിരുന്നതായി സംഘാടകർ പറഞ്ഞു. മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് താത്കാലിക പാലം നിർമാണം ആരംഭിച്ചത്. സർവോദയമേളയുടെ ഭാഗമായി എല്ലാവർഷവും സമാനമായരീതിയില്‍ താത്കാലിക പാലം നിർമിക്കാറുണ്ടെന്നും നിലവിലെ നടപടിക്ക് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നുമാണ് സംഘാടകർ പറയുന്നത്.

സംഘാടകസമിതി കണ്‍വീനർ വിനയകുമാറിനാണ് വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയിട്ടുള്ളത്. കുംഭമേള നടത്താൻതന്നെയാണ് തീരുമാനമെന്ന് മുഖ്യസംഘാടകനായ സ്വാമി ആനന്ദവനം ഭാരതി തൃശൂരില്‍ പറഞ്ഞു. കേരളത്തിലെ കുംഭമേള എന്ന ഉത്സവത്തിൻ്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് നേരത്തേതന്നെ അനുമതി തേടി അപേക്ഷ നല്‍കിയിരുന്നു. കളക്ടർ, ദേവസ്വം മന്ത്രി വിഎൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർ എന്നിവർ രക്ഷാധികാരികളായിരുന്നെന്നും ഇവർ പറയുന്നു.