Type Here to Get Search Results !

7 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ നോട്ടിസ് നൽകാതെ അറസ്റ്റ് പാടില്ല

*ചോദ്യംചെയ്യാൻ വേണ്ടി മാത്രം അറസ്റ്റ് ചെയ്യരുത്: സുപ്രിംകോടതി:*

ന്യൂഡല്‍ഹി: ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സിആർപിസി 41എ പ്രകാരമുള്ള നോട്ടീസ് നല്‍കുന്നത് നിർബന്ധമാണെന്ന് സുപ്രീംകോടതി.
ഇത് പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.അറസ്റ്റ് എന്നത് പോലീസിന്റെ വിവേചനാധികാരമാണെങ്കിലും അത് അനാവശ്യമായി ഉപയോഗിക്കരുത് എന്ന അർനേഷ് കുമാർ കേസിലെ വിധി എല്ലാ സംസ്ഥാനങ്ങളും ഹൈക്കോടതികളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി നിർദ്ദേശിച്ചു.ഏഴ് വർഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിക്ക് ഹാജരാകാൻ നിർദ്ദേശിച്ച്‌ ആദ്യം നോട്ടീസ് നല്‍കണം. പ്രതി തെളിവ് നശിപ്പിക്കാനോ ഒളിവില്‍ പോകാനോ സാധ്യതയുണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യാവൂ. ഇതിനുള്ള കാരണങ്ങള്‍ പോലീസ് രേഖാമൂലം കോടതിയെ അറിയിക്കണം. പോലീസ് നല്‍കുന്ന കാരണങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ പ്രതിയെ റിമാൻഡ് ചെയ്യാൻ മജിസ്ട്രേറ്റ് അനുവദിക്കരുത്. ഈ മാർഗ്ഗനിർദ്ദേശങ്ങള്‍ ലംഘിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികള്‍ക്കും കോടതി അലക്ഷ്യത്തിനും ഉത്തരവിടും.ജയിലുകളിലെ തിരക്ക് കുറയ്ക്കാനും നിരപരാധികള്‍ അനാവശ്യമായി തടങ്കലിലാകുന്നത് ഒഴിവാക്കാനുമാണ് സുപ്രീംകോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സ്ത്രീധന പീഡനക്കേസുകള്‍ , ചെറിയ മോഷണങ്ങള്‍, വഞ്ചനാക്കേസുകള്‍ എന്നിവയില്‍ ഏർപ്പെടുന്നവർക്ക് ഈ വിധി വലിയ ആശ്വാസമാകും.പോലീസിന്റെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പൗരന്മാരെ പീഡിപ്പിക്കാനുള്ള ആയുധമാകരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാർക്ക് ഈ നിർദ്ദേശങ്ങള്‍ കൈമാറാനും പോലീസുകാർക്ക് ഇതില്‍ പ്രത്യേക പരിശീലനം നല്‍കാനും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതികള്‍ക്ക് ഇത് സംബന്ധിച്ച മേല്‍നോട്ട ചുമതലയും നല്‍കിയിട്ടുണ്ട്.