സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങളെ തള്ളി മുഖ്യമന്ത്രി വിഡി സതീശൻ.
സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ല, കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
19-ാം നുറ്റാണ്ടില്‍ പറയുന്ന കാര്യം 21-ാം നൂറ്റാണ്ടില്‍ പറയുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു. പ്രസ്താവനയോട് സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് നാശത്തിന് കാരണമാകുമെന്നും അവർ വീടുകളില്‍ മാത്രം ഒതുങ്ങേണ്ടവരാണെന്നുമുള്ള വാദം ഇസ്ലാമിക ചരിത്രത്തിന് തന്നെ വിരുദ്ധമാണെന്ന് വി ഡി സതീശൻ ഓർമ്മിപ്പിച്ചു. സ്ത്രീകള്‍ക്ക് തുല്യനീതിയും പൂർണ പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു പുരോഗമന സമൂഹത്തില്‍ അവരെ പൊതുജീവിതത്തില്‍ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.
ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിച്ചാണ് കാന്തപുരം സംസാരിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ അക്കാലത്തെ വലിയൊരു ബിസിനസുകാരിയായിരുന്നുവെന്നത് ഏവർക്കും അറിയാവുന്ന ചരിത്രമാണ്. മറ്റൊരു ഭാര്യയായ അയിഷ യുദ്ധരംഗത്ത് പട നയിച്ച സർവ്വ സൈന്യാധിപയായിരുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ബില്‍കിസ് രാജ്ഞി നാടുഭരിച്ച ഭരണാധികാരിയായിരുന്നു. ഇത്തരത്തില്‍ ഭരണനേതൃത്വത്തിലും വിപണിയിലും യുദ്ധരംഗത്തും സ്ത്രീകള്‍ അടയാളപ്പെടുത്തിയ ചരിത്രത്തെ വികലമാക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
