Type Here to Get Search Results !

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം, യുപി സ്വദേശിയുമായി നാടുകാണാനിറങ്ങി പതിനാറുകാരി; മഞ്ചേരിയിലും കോഴിക്കോടും കറങ്ങിയ ശേഷം മലപ്പുറത്തുകാരി യാത്ര തിരിച്ചത് ഡല്‍ഹിയിലേക്ക്; ഒടുവില്‍



മലപ്പുറം സ്വദേശിയായ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ യു പി സ്വദേശിയായ യുവാവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
ഉത്തര്‍പ്രദേശ് പക്ബാര അംറോഹ അമേര ചൗദര്‍പൂര്‍ മുഹമ്മദ് നവേദ് (18)നെയാണ് ഫെബ്രുവരി 17വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്കയച്ചത്. കരുവാരക്കുണ്ട് തരിശ് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രതി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. 

കരുവാരക്കുണ്ട് സ്വകാര്യ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി ഇക്കഴിഞ്ഞ രണ്ടിനാണ് ക്ലാസിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. വഴിയില്‍ വെച്ച്‌ പ്രതിയെ കണ്ടു മുട്ടുകയും ഇരുവരും മഞ്ചേരിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും പോകുകയായിരുന്നു. ഇവിടെ നിന്നും ഡല്‍ഹിയിലേക്ക് തീവണ്ടിയില്‍ യാത്ര തിരിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് ഉടന്‍ റെയില്‍വെ പൊലീസിന് സന്ദേശമയച്ചു. 
ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് റെയില്‍വെ പൊലീസ് ഇരുവരെയും പിടികൂടി. ടൗണ്‍ പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് കരുവാരക്കുണ്ട് പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം കാസര്‍കോടെത്തി ഇരുവരെയും കൊണ്ടു വരികയായിരുന്നു. 

ചോദ്യം ചെയ്യലിലാണ് ഇന്‍സ്റ്റഗ്രാം പ്രണയത്തിന്‍റെയും ഒളിച്ചോട്ടത്തിന്‍റെയും വിശദാംശങ്ങള്‍ പുറത്തായയത്. തുടര്‍ന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം ചാല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്ബാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. യുവാവിനെ അറസ്റ്റ് ചെയ്ത വിവരം പിതാവായ മുഹമ്മദ് ഹനീഫയെ അറിയിച്ചതായി പൊലീസ് പറഞ്ഞു.