Type Here to Get Search Results !

ചെറുതുരുത്തിയിലെ വഖഫ് ഭൂമി കലാമണ്ഡലത്തിന് നല്‍കാന്‍ നീക്കം; എതിര്‍പ്പുമായി യത്തീംഖാന-വിവാദം




ചെറുതുരുത്തിയിലെ നൂറുല്‍ ഹുദാ യത്തീംഖാനയുടെ അഞ്ച് ഏക്കര്‍ വഖഫ് ഭൂമി കേരള കലാമണ്ഡലത്തിന് കൈമാറാനുള്ള നീക്കം വിവാദത്തില്‍.
ചട്ടങ്ങള്‍ ലംഘിച്ച്‌ നടക്കുന്ന കൈമാറ്റം വഖഫ് ബോര്‍ഡില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഭൂമി തട്ടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് യത്തീംഖാന ഭാരവാഹികള്‍.

കഴിഞ്ഞ 27ന് കേരള കലാമണ്ഡലത്തില്‍നിന്ന് കത്ത് ലഭിക്കുമ്ബോഴാണ് യത്തീംഖാനയുടെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്ന വിവരം ഭാരവാഹികള്‍ അറിയുന്നത്. ഭൂമി ഏറ്റെടുക്കാന്‍ അനുകൂലമായ നടപടി ഉണ്ടാകണമെന്ന് കലാമണ്ഡലം നല്‍കിയ കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ തീരുമാനമായെന്ന് പിന്നീട് പത്രവാര്‍ത്തയും വന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വഖഫ് ബോര്‍ഡുമായോ യത്തീംഖാനയുമായോ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല.

കലാമണ്ഡലം കാംപസിനോട്‌ ചേര്‍ന്നുകിടക്കുന്ന അഞ്ച് ഏക്കര്‍ ഭൂമി
ഏറ്റെടുക്കാനാണ് നീക്കം നടക്കുന്നത്. നൂറുല്‍ ഹുദാ യത്തീംഖാനയുടെ സ്ഥാപകരിലൊരാളായ പി.എസ് കോയാമു ഹാജി 1978ലാണ് ഭൂമി വഖഫ് ചെയ്തത്. മുസ്‍ലിം ആരാധനാലയം നിര്‍മിച്ച്‌ അവരുടെ ആരോഗ്യ, വിദ്യാഭ്യാസ ഉന്നമനത്തിനായി ഉപയോഗിക്കണമെന്ന വ്യവസ്ഥയില്‍ നല്‍കിയതാണ് ഭൂമി. പകരം മറ്റ് ഭൂമി നല്‍കാമെന്ന മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് യത്തീംഖാന വര്‍ക്കിങ് പ്രസിഡന്‍റ് എം.പി കുഞ്ഞിക്കോയ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.