കോന്നി തഹസില്‍ദാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് മൂന്നാറില്‍ ഉല്ലാസയാത്രയ്ക്കു പോയ സംഭവം വിവാദമാകുന്നതിനിടെ, ജീവനക്കാര്‍ തിരിച്ചെത്തി.
യാത്ര വിവാദമായതറിഞ്ഞ ജീവനക്കാര്‍ ഓഫീസ് പരിസരത്ത് വരാതെയാണ് വീടുകളിലേക്ക് മടങ്ങിയത്. താലൂക്ക് ഓഫീസില്‍ വെച്ചിരിക്കുന്ന വാഹനങ്ങള്‍ എടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയില്ല. രാത്രി മൂന്ന് മണിയോടെയാണ് രണ്ടു ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി ജീവനക്കാര്‍ തിരിച്ചെത്തിയത്. നേരിട്ട് ഓഫീസില്‍ എത്താതെ ജീവനക്കാരെ അവരവരുടെ വീട്ടില്‍ തിരികെ എത്തിക്കുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ എഡിഎം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. തഹസില്‍ദാര്‍ കുഞ്ഞച്ചന്‍ ഉള്‍പെടെയുള്ളവര്‍ സംഘത്തിലുണ്ട്. മൂന്നാര്‍, ദേവികുളം എന്നിവടങ്ങളിലാണ് സംഘം യാത്ര നടത്തിയത്. വിനോദയാത്രയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ആകെയുള്ള 60 ജീവനക്കാരില്‍ 35 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്ക് ഹാജരായിരുന്നില്ല. ഇതേക്കുറിച്ച് പരാതി ഉയര്‍ന്നതോടെ സ്ഥലം എംഎല്‍എ കെ യു ജനീഷ് കുമാര്‍ ഓഫിസിലെത്തി അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ 21 പേര്‍
മാത്രമാണ് ഹാജര്‍ രേഖപ്പെടുത്തിയിരുന്നത്. 18 പേര്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നുവെന്നും ബാക്കിയുള്ളവര്‍ അനധികൃതമായി ജോലിക്ക് ഹാജരായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
കൂട്ട അവധി എടുത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി കെ രാജനും പ്രതികരിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കും. പ്രാഥമിക റിപ്പോര്‍ട്ടിന് ശേഷം പൂര്‍ണ റിപ്പോര്‍ട്ട് 5 ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂട്ട അവധികള്‍ ഭാവിയില്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും ഇത്തരം കൂട്ട അവധികള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
