വയനാട് പൊന്‍മുടിക്കോട്ടയില്‍ കടുവയെ തോട്ടത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമയ്ക്കെതിരെ കേസെടുത്ത് വനംവകുപ്പ്.
നെന്‍മേനി പാടിപ്പറമ്ബിലാണ് കഴിഞ്ഞ ദിവസം കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
വന്യജീവിസംരക്ഷണനിയമത്തിലെ വേട്ടയാടല്‍ നിരോധനനിയമപ്രകാരമാണ് സ്ഥലമുടയ്ക്കെതിരെ കേസെടുത്തത്. കടുവ ഷെഡ്യൂള്‍ഡ് ഇനത്തില്‍പ്പെട്ട ജീവിയാണ്. സംഭവത്തില്‍ കര്‍ശന നിയമനടപടി എടുക്കാതിരിക്കാന്‍ കഴിയില്ലെന്ന് വനംവകുപ്പ് പറയുന്നു.
ഒന്നേകാല്‍ വയസ്സുള്ള ആണ്‍കടുവയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. കടുവയെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ഈ സംഭവമുണ്ടായതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. എന്നാല്‍ തന്റെ പറമ്ബില്‍ അതിക്രമിച്ചുകയറി കുരുക്ക് സ്ഥാപിച്ചവരെ എത്രയുംവേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പള്ളിയാലില്‍ മുഹമ്മദ് അമ്ബലവയല്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി.
വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കഴിയുന്ന ആള്‍ക്കെതിരേയാണ് വനംവകുപ്പ് നടപടിയുമായി മുന്നോട്ടുനീങ്ങുന്നതെന്നും ഇത് കര്‍ഷകരോടുള്ള വെല്ലുവിളിയാണന്നുമാണ് നാട്ടുകാര്‍ പറയുന്നു. കടുവയുടെ ആക്രമണത്തില്‍ നിരവധി വളര്‍ത്തുമൃഗങ്ങളാണ് ഇവിടെ കൊല്ലപ്പെട്ടത്. പൊന്‍മുടിക്കോട്ട പ്രദേശത്ത് രണ്ടര മാസത്തിനിടെ 19 വളര്‍ത്തു മൃഗങ്ങളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ചത്തത്.
