Type Here to Get Search Results !

കാറിന്റെ അടിയില്‍ രഹസ്യഅറ ഉണ്ടാക്കി പണം ഒളിപ്പിച്ചു; വളാഞ്ചേരിയില്‍ രേഖകള്‍ ഇല്ലാതെ കടത്തിയ 1.68 കോടി രൂപ പിടികൂടി


മലപ്പുറം: രേഖകള്‍ ഇല്ലാതെ കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 68 ലക്ഷം രൂപ വളാഞ്ചേരി പൊലിസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണവുമായി രണ്ടു പേര്‍ പിടിയിലായത്. സംഭവത്തില്‍ ഊരകം ഒ.കെ മുറി സ്വദേശികളായ പൊതാപ്പറമ്ബത്ത് യഹിയ ( 34), കുന്നത്ത് തൊടി മന്‍സൂര്‍ (37) എന്നിവരെ അറസ്റ്റ് ചെയ്തു.

പെരിന്തല്‍മണ്ണയില്‍ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ വളാഞ്ചേരി പൊലിസ് സ്റ്റേഷന് സമീപം വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം. കാറിന്റെ അടിയില്‍ രഹസ്യ അറ ഉണ്ടാക്കി അതില്‍ പണം ഒളിപ്പിച്ച നിലയിലായിരുന്നു.

ജില്ലാ പൊലിസ് മേധാവി സുജിത് ദാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡി.വൈ.എസ്‌പി ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്‌.ഒ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാറും പണവും പിടികൂടിയത്. സംഘത്തില്‍ എഎസ്‌ഐ ബിജു, അന്‍വര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റഷീദ്, ശൈലേഷ്, ആന്‍സന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

അതേ സമയം സമാനമായി കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി കടത്താന്‍ ശ്രമിച്ച 4.6കോടിയുടെ കള്ളപ്പണം കഴിഞ്ഞ ദിവസം മലപ്പുറം അങ്ങാടിപ്പുറത്തുവെച്ചു പൊലീസ് പിടികൂടിയിരുന്നു. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലാവുകയും ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നു പെരിന്തല്‍മണ്ണ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കെ എ 05-എം ഡബ്ല്യൂ 9386 നമ്ബര്‍ കാറില്‍ വാഹനത്തിന്റെ മുന്‍ സീറ്റുകള്‍ക്കു അടിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന അനധികൃത കുഴല്‍പണം പെരിന്തല്‍മണ്ണ പൊലീസ് പിടിച്ചെടുത്തത്. ഈ രണ്ടു സംഘങ്ങള്‍ക്കും തമ്മില്‍ ബന്ധുമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.