Type Here to Get Search Results !

പാലക്കാട് ജില്ലാ ആശുപത്രിയിലെ 92 ലക്ഷം രൂപയുടെ എക്സ്റേ യൂണിറ്റ് എലി കരണ്ട് നശിപ്പിച്ചു


പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ 92.63 ലക്ഷം രൂപയുടെ മെഷീൻ എലി കടിച്ച് നശിപ്പിച്ചു. ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച യൂണിറ്റാണ് എലി കരണ്ട് നശിച്ചത്. 2021 മാർച്ച് മൂന്നിനാണ് സംസങ് കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്‌സറെ യൂണിറ്റ് ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി നൽകിയത്. ഒരു വർഷം പോലും തികയുന്നതിന് മുൻപ് ഒക്ടോബർ 21-നാണ് എലി കടിച്ച് എക്‌സറേ യൂണിറ്റ് കേടായി എന്ന വിവരം ജീവനക്കാർ സൂപ്രണ്ടിനെ അറിയിച്ചത്.

അധികൃതരുടെ അനാസ്ഥയാണ് ഇത്തരത്തിൽ സംഭവിക്കാൻ കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ടും കമ്പനിയും തമ്മിലുള്ള കരാറിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഉപകരണത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം പൂർണമായും ആശുപത്രിക്കാണെന്നാണ്. പരാതി ഉയർന്നതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിൻ പ്രകാരമുള്ള റിപ്പോർട്ടിലാണ് എലി കടിച്ച് നശിപ്പിച്ച വിവരം അറിയിച്ചത്. എന്നാൽ അധികൃതരുടെ വീഴ്ച റിപ്പോർട്ടിൽ നിന്ന് മുക്കി.


നൂറ് കണക്കിന് എക്‌സറേ കേസുകൾ അനുദിനം എത്തുന്ന ആശുപത്രിയിൽ പ്രവർത്തന സജ്ജമായ രണ്ട് എക്‌സറേ യൂണിറ്റുകൾ മാത്രമാണ് നിലവിലുള്ളത്. കേടുവന്ന ഉപകരണം നന്നാക്കുന്നതിനായി 30 ലക്ഷം രൂപ ചിലവഴിക്കേണ്ടി വരും. രോഗികൾ ഉള്ളിടത്തേക്ക് കൊണ്ടുപോകാൻ സാധിക്കുന്ന അത്യാധുനിക പോർട്ടബിൾ എക്സ്റേ യൂണിറ്റ് നശിച്ചത് വലിയ നഷ്ടമാണ്.