മൈസൂരുവിലേക്ക് വിനോദയാത്ര പോയവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ചതായി പരാതി. മലപ്പുറം കാളികാവ് സ്വദേശികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവര്‍ നാട്ടില്‍ തിരിച്ചെത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് കാളികാവ് പള്ളിശ്ശേരി സ്വദേശികളായ ഷറഫുദ്ദീന്‍,സക്കീര്‍ പി കെ ഷറഫുദ്ദീന്‍ , ലബീബ് , ഫാസില്‍ എന്നിവര്‍ മൈസൂരുവിലേക്ക് വിനോദയാത്ര പോയത്. പിന്നീട് ഉണ്ടായത് തീര്‍ത്തും മോശമായ അനുഭവങ്ങളെന്ന് യുവാക്കള്‍ പറയുന്നു. താമസ സ്ഥലം ഏര്‍പ്പാടാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ഓട്ടോ ഡ്രൈവര്‍ യുവാക്കളെ സമീപിച്ചു. തുടര്‍ന്ന് ഇവരെ ഒരു റൂമിലാക്കിയതിന് ശേഷം പുറത്ത് നിന്ന് വാതില്‍ പൂട്ടി. പിന്നീട് ഇവിടെയെത്തിയ മറ്റൊരു സംഘം പണ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചെന്ന് യുവാക്കള്‍ പറയുന്നു. ഇവരുടെ കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന അക്രമി സംഘം ഒരു ലക്ഷത്തിലധികം രൂപയും തട്ടിയെടുത്തെന്നാണ് യുവാക്കളുടെ പരാതി.
ഇതിനിടെ, യുവാക്കള്‍ മൈസൂരുവില്‍ ബന്ദിയാക്കപ്പെട്ടെന്നറിഞ്ഞ നാട്ടിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കാളികാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കര്‍ണാടക പോലീസുമായി ബന്ധപ്പെടുകയും പോലീസിന്റെ ഇടപെടലില്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസിന്റെ ഇടപെടലിനൊപ്പം നാട്ടിലുള്ള സൃഹുത്തുക്കള്‍ കഴിഞ്ഞ ദിവസം മൈസൂരുവിലെത്തിയാണ് യുവാക്കളെ സുരക്ഷിതരായി നാട്ടിലെത്തിച്ചത് .
