പരാതിയുമായി സ്റ്റേഷനിലെത്തിയ അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ‘നിങ്ങളെ ഭീകരവാദിയാക്കാൻ ഒരു സെക്കൻഡ് മതി’യെന്നു പൊലീസുകാരൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ബിഹാർ തലസ്ഥാനമായ പട്നയിൽനിന്ന് 165 കിലോമീറ്റർ അകലെ ജമുയി പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾക്കൊപ്പമാണ് അധ്യാപകൻ സ്റ്റേഷനിലെത്തിയത്.
മറ്റൊരാളുമായുള്ള തർക്കം പരിഹരിക്കുന്നതിന് അധ്യാപകനെയും കുടുംബാംഗങ്ങളെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചതാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടതിലും രണ്ടു ദിവസം വൈകിയാണ് ഇദ്ദേഹം എത്തിയതെന്ന് പറയുന്നു. ഇതിൽ കുപിതനായാണ് പൊലീസുകാരൻ അധ്യാപകനോട് തട്ടിക്കയറിയത്.
കുപിതനായി സംസാരിക്കുന്ന പൊലീസുകാരനോട് തന്റെ ഭാഗം പറയാൻ അധ്യാപകൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ ഇതു വകവയ്ക്കാതെയാണ് പൊലീസുകാരന്റെ ഭീഷണി.
‘ആളുകളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നത് ഞങ്ങളുടെ ജോലിയാണ്. തന്നെ ഭീകരവാദിയാക്കാൻ ഞങ്ങൾക്ക് ഒറ്റ സെക്കൻഡ് മതി’ – പൊലീസുകാരനായ രാജേഷ് ശരൺ പറഞ്ഞു.
ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് വിരൽ ചൂണ്ടിയാണ് പൊലീസുകാരന്റെ ഭീഷണി. ഇയാൾക്കു ചുറ്റും ആളുകൾ നിൽപ്പുണ്ടെങ്കിലും ആരും ഇതിൽ ഇടപെടുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
