Type Here to Get Search Results !

KSRTC ബസിലെ അക്രമം: വിവാഹത്തിന് താത്പര്യമില്ലെന്ന് പറഞ്ഞിട്ടും യുവാവ് ശല്യംചെയ്‌തെന്ന് യുവതി


മൂന്നാര്‍-ബംഗളൂരു ബസ്സില്‍ യാത്ര ചെയ്യവേ മലപ്പുറത്തുവെച്ച്‌ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതിയുടെ പ്രതികരണം പുറത്ത്.
യുവാവുമായി വിവാഹത്തിന് താത്പര്യമില്ലെന്ന് നേരത്തേ അറിയിച്ചിരുന്നെന്ന് യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഭയം കാരണം യുവാവ് അറിയാതെയാണ് താന്‍ അങ്കമാലിയില്‍നിന്ന് ബസ്സില്‍ കയറിയതെന്നും യുവതി പറഞ്ഞു.

വഴിയില്‍വെച്ച്‌ യുവാവ് ബസ്സില്‍ കയറുകയും യുവതിയുടെ അടുത്തുചെന്ന് ഇരിക്കുകയും ചെയ്തു. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. യുവാവിന് തന്നെ ഇഷ്ടമായിരുന്നെന്നും എന്നാല്‍ തിരിച്ച്‌ ഇഷ്ടമല്ലെന്ന കാര്യം അറിയിച്ചിരുന്നെന്നും യുവതി പറയുന്നു. 'വിവാഹം കഴിച്ചതാണെന്നും ഒരു കുട്ടിയുണ്ടെന്നും, കുഞ്ഞ് ചെറുതായിരിക്കേ ഭര്‍ത്താവ് മരിച്ചതാണെന്നുമുള്ള കാര്യങ്ങള്‍ അവനോട് തുറന്നുപറഞ്ഞിരുന്നു. ഇനി വിവാഹം കഴിക്കില്ലെന്ന തീരുമാനവും അവനെ അറിയിച്ചതാണ്' - യുവതി പറയുന്നു. എന്നിട്ടും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും പല പ്രശ്നങ്ങളുണ്ടാക്കുകയുമായിരുന്നു.

അതേസമയം യുവാവിന്റെ വിവാഹവും കഴിഞ്ഞതാണ്. അയാളുടെ ഭാര്യയെ വിളിച്ച്‌ ശല്യപ്പെടുത്തുന്ന കാര്യമടക്കം പറഞ്ഞിട്ടുണ്ടെന്നാണ് യുവതി പറയുന്നത്. തന്നെ സംശയമായിരുന്നെന്നും യുവതി പറയുന്നു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് യുവാവും യുവതിയും.

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ്സില്‍ വെന്നിയൂരില്‍വെച്ച്‌ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബാഗില്‍നിന്ന് കത്തിയെടുത്ത ശേഷം യുവതിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും പിന്നാലെ യുവാവ് സ്വയം കഴുത്തറുക്കുകയുമായിരുന്നു. ഗൂഡല്ലൂര്‍ സ്വദേശി ഗീതയ്ക്കാണ് കുത്തേറ്റത്. വയനാട് മൂലങ്കാവ് സ്വദേശി സനില്‍ ആണ് പ്രതി. മലപ്പുറം എടപ്പാളില്‍നിന്നുമാണ് യുവാവ് ബസ്സില്‍ കയറിയത്. ഇരുവരുടെയും ടിക്കറ്റ് സുല്‍ത്താന്‍ ബത്തേരിയിലേക്കാണ്.