Type Here to Get Search Results !

വൈദ്യുതി ഡ്യൂട്ടി സര്‍ക്കാരെടുക്കുന്നു, കടത്തില്‍ കുരുങ്ങി കെ.എസ്.ഇ.ബി

ഇലക്‌ട്രിസിറ്റി ബില്ലിലെ ഡ്യൂട്ടിത്തുക അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ എടുക്കുന്നതോടെ വൈദ്യുതി ബോര്‍ഡ് നഷ്ടക്കണക്കിന്റെ വൻകെണിയിലാവും.
സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാവും. വൈദ്യുതി ചാര്‍ജിന്റെ 10 ശതമാനമാണ് ബില്ലിനൊപ്പം ഡ്യൂട്ടി പിരിക്കുന്നത്. വര്‍ഷം 1200 കോടിയോളം രൂപ വരുമിത്. നടപ്പുവര്‍ഷം 2939 കോടിയാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്ന നഷ്ടം.ഇതിനുപുറമേയാണ് 1200 കോടികൂടി നഷ്ടമാകുന്നത്. 2021-22ല്‍ കെ.എസ്.ഇ.ബി ലാഭത്തിലെത്തിയെങ്കിലും വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

2013ല്‍ കെ.എസ്.ഇ.ബി കമ്ബനിയായപ്പോള്‍ സര്‍വീസിലുണ്ടായിരുന്നവര്‍ക്ക് പെൻഷൻ, സേവന ആനുകൂല്യങ്ങള്‍ നല്‍കാൻ10 വര്‍ഷത്തേക്ക് വിട്ടുകൊടുത്തതാണ് ഈ തുക. അതിന്റെ കാലാവധി ഒക്ടോബര്‍ 30ന് അവസാനിക്കും. നവംബര്‍ മുതല്‍ സര്‍ക്കാര്‍ തുക എടുക്കുമെന്ന് ബഡ്ജറ്റില്‍ പറഞ്ഞിരുന്നു.

വൈദ്യുതി നിരക്ക് നിര്‍ണ്ണയത്തില്‍ പെൻഷൻ തുകയും ചെലവിനമായി ഉള്‍പ്പെടുത്തണമെന്ന കെ.എസ്.ഇ.ബിയുടെ അപേക്ഷ 2021ല്‍ റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം ഹൈക്കോടതി ഇത് റദ്ദാക്കി. ജൂണിലെ നിരക്ക് പരിഷ്കരണവും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടപ്പായില്ല. മൂന്നു മാസ പെൻഷന് പണം കണ്ടെത്താൻ റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 40,080 പെൻഷൻകാരുണ്ട്. പ്രതിമാസം 150 കോടി വേണം പെൻഷൻ നല്‍കാൻ.

പണം നല്‍കിയത്

സര്‍ക്കാര്‍ ബോണ്ടിന്

2013നു ശേഷം സര്‍വീസില്‍ കയറുന്നവര്‍ക്ക് പങ്കാളിത്തപെൻഷനാണ് ബാധകം. അതിനു മുമ്ബ് സര്‍വീസില്‍ കയറിയവരുടെ വിരമിക്കല്‍ ബാദ്ധ്യത 12418.72കോടി രൂപയായിരുന്നു. ഇതു കണ്ടെത്താൻ മാസ്റ്റര്‍ പെൻഷൻ ആൻഡ് ഗ്രാറ്റുവിറ്റി ട്രസ്റ്റ് രൂപീകരിച്ചു. കെ.എസ്.ഇ.ബി 8144 കോടിയുടെ ബോണ്ട് 20 വര്‍ഷ കാലാവധിയിലും സര്‍ക്കാര്‍ 3751കോടിയുടെ ബോണ്ട് 10 വര്‍ഷ കാലാവധിയിലും പുറത്തിറക്കി. സര്‍ക്കാര്‍ ബോണ്ടിന്റെ തുക കണ്ടെത്തുന്നതിനാണ് ഇലക്‌ട്രിസിറ്റി ഡ്യൂട്ടി തുക കെ.എസ്.ഇ.ബിക്ക് നല്‍കിവന്നത്. എന്നാല്‍, കെ.എസ്.ഇ.ബി മാസ്റ്റര്‍ ട്രസ്റ്റ് ശരിയായി മാനേജ് ചെയ്യാതെ ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നുതന്നെ പെൻഷൻ ബാദ്ധ്യത നിറവേറ്റുകയായിരുന്നു. നിലവില്‍ 17,328 കോടിയാണ് മാസ്റ്റര്‍ ട്രസ്റ്റ് ബാദ്ധ്യത. 2053 വരെയാണ് മാസ്റ്റര്‍ ട്രസ്റ്റ് കാലാവധി. അപ്പോഴേക്കും ബാദ്ധ്യത 35,824 കോടിയാവും.

സര്‍ചാര്‍ജ് തുടരും

1. വൈദ്യുതി സര്‍ചാര്‍ജ് 19 പൈസ നവംബറിലും തുടരും. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും കെ.എസ്.ഇ.ബി സ്വന്തം നിലയ്ക്ക് നിശ്ചയിച്ച 10 പൈസയും ചേര്‍ത്താണിത്

2. അധികവിലയ്ക്ക് വൈദ്യുതി വാങ്ങിയതുമൂലമുള്ള നഷ്ടം നികത്താനാണ് സര്‍ചാര്‍ജ്. ഏപ്രില്‍ മുതലാണ് 9 പൈസ ഈടാക്കാൻ അനുവദിച്ചത്. ജൂണ്‍ മുതല്‍ 10 പൈസ കൂടി ഈടാക്കിത്തുടങ്ങി

3. കഴിഞ്ഞ മാസത്തെ 29.25 കോടിയുള്‍പ്പെടെ 80.22 കോടി രൂപയാണ് വൈദ്യുതി വാങ്ങിയതിന്റെ നഷ്ടം.

യൂണിറ്റിന് 40 പൈസ സര്‍ചാര്‍ജ് വാങ്ങണമെന്നാണ് കെ.എസ്.ഇ.ബി നിലപാട്