തിരൂർ : ആരോഗ്യ കുടുംബക്ഷേമ -വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാളെ ജില്ലയിലെ ആരോഗ്യ മേഖലയില്‍ 198.32 കോടിയുടെ വികസന പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യും.
രാവിലെ 8.30ന് പുല്‍പ്പറ്റ പഞ്ചായത്തിലെ കൂട്ടാവില്‍ അങ്കണവാടി ഉദ്‌ഘാടന ശേഷം ഒമ്ബതിന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. 103.86 കോടി ചെലവില്‍ നിര്‍മ്മിച്ച ഗേള്‍സ് ഹോസ്‌റ്റല്‍, ടീച്ചിങ് സ്‌റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ആന്‍ഡ് ഇന്റേണല്‍ റോഡ്, 1.10 കോടി ചെലവില്‍ നിര്‍മിച്ച ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ബ്ലോക്ക്, 2.35 കോടിയുടെ വൈറല്‍ റിസര്‍ച്ച് ലാബ്, ആശുപത്രിയിലെ 1.38 കോടിയുടെ 750 കെ.വി.എ ജനറേറ്റര്‍, 1.20 കോടി ചെലവില്‍ നിര്‍മിച്ച ലേബര്‍ റൂം ആന്‍ഡ് കാര്‍ഡിയോളജി ഒ.പി, അഞ്ച് കോടി ചെലവില്‍ സ്‌ഥാപിച്ച 128 സ്ലൈഡ് സി.ടി. സ്‌കാന്‍ യൂണിറ്റ് തുടങ്ങിയ പദ്ധതികളാണ് മഞ്ചേരിയില്‍ ഉദ്‌ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് ഇതേ വേദിയില്‍ തൃക്കലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കരിക്കാട്, ചെറുകുത്ത് സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. പരിപാടിയില്‍ അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ. അധ്യക്ഷനാവും.
രാവിലെ 10ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ ഒ.പി. ബ്ലോക്കിന്റെ ഉദ്‌ഘാടനവും ഓണ്‍ലൈനായി ആലിപ്പറമ്ബ് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടലും നടക്കും. പരിപാടിയില്‍ നജീബ് കാന്തപുരം എം.എല്‍.എ. അധ്യക്ഷനാവും. 10.45ന് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ രണ്ടാം നിലയുടെ നിര്‍മ്മാണം, നേത്രരോഗ വിഭാഗം, ഓപ്പറേഷന്‍ തീയേറ്റര്‍ സ്‌ഥാപിക്കല്‍ എന്നിവയുടെ ഉദ്‌ഘാടനം നടക്കും. കാളികാവ്, തിരുവാലി സി.എച്ച്.സികളെ ബി.എഫ്.എച്ച്.സികളും അമരമ്ബലം, കടലുണ്ടി നഗരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളുമായും ഉയത്തുന്ന പ്രഖ്യാപനവും ഇവിടെ നടത്തും. ഇതോടൊപ്പം ജില്ലയിലെ തവനൂര്‍, മങ്കട, വണ്ടൂര്‍, നിലമ്ബൂര്‍, ഏറനാട്, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കീഴിലുള്ള 25 സബ് സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്‌ഘാടനവും ഓണ്‍ലൈനായി നിര്‍വഹിക്കും.
പി.ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനാവും. ഉച്ചയ്‌ക്ക് 12ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ പുതിയ എസ്.ടി.പി, 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍, കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി എന്നിവയുടെ ഉദ്‌ഘാടനം നടക്കും. കെ.പി.എ. മജീദ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഉച്ചയ്‌ക്കുശേഷം രണ്ടിന് താനൂര്‍ സി.എച്ച്.സിയില്‍ ആരോഗ്യവകുപ്പ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം, ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ അയ്യായ സബ് സെന്റര്‍ ജനകീയ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തല്‍ എന്നിവ മന്ത്രി ഉദ്‌ഘാടനം ചെയ്യും. പരിപാടിയില്‍ കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാന്‍ അധ്യക്ഷനാവും.
2.45 ന് തിരൂര്‍ ജില്ല ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഓങ്കോളജി ബ്ലോക്കിന്റെ ഉദ്‌ഘാടനം മന്ത്രി നിര്‍വഹിക്കും. കുറുക്കോളി മൊയ്‌തീന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. നബാര്‍ഡിന്റെ 33.7 കോടിയും ജില്ല പഞ്ചായത്തിന്റെ ഏഴു കോടി രൂപയും ഉപയോഗിച്ചാണ് ഒമ്ബത് നില ഓങ്കോളജി ബ്ലോക്ക് നിര്‍മ്മിച്ചത്. 2016 ഫെബ്രുവരിയിലാണ് കെട്ടിട നിര്‍മാണം തുടങ്ങിയത്. 2022ല്‍ പണി പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പ് കെട്ടിടം കൈമാറി. സിവില്‍ ഫയര്‍ ആന്‍ഡ് സേഫ്‌റ്റി ജോലികള്‍ ജില്ലാ പഞ്ചായത്ത് പൂര്‍ത്തീകരിച്ചു. കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, കാന്‍സര്‍ ഐ.സി.യു, സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള വാര്‍ഡുകള്‍ എന്നിങ്ങനെ കാന്‍സര്‍ രോഗനിര്‍ണയത്തിനും ചികിത്സക്കും ഉതകുന്ന വിധം രൂപകല്‌പന ചെയ്‌തിട്ടുള്ളതാണ് ഈ കെട്ടിടം. നിലവില്‍ സ്‌ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ജില്ലാ ആശുപത്രിക്ക് പുതിയ കെട്ടിടം ഏറെ ആശ്വാസകരമാവും. ഭാവിയില്‍ വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ ആരംഭിക്കുന്നതിനും ഇത് സഹായകരമാവും. നിലവില്‍ മൂന്നുനില വരെയാണ് പ്രവര്‍ത്തന അനുമതിയുള്ളത്. ഇതില്‍ എന്‍.എച്ച്.എമ്മിന്റെ 21.14 ലക്ഷം വിനിയോഗിച്ചുള്ള മാമോഗ്രാം യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കും. സംസ്‌ഥാനത്ത് ആറ് ആശുപത്രികളിലാണ് ഈ സൗകര്യമുള്ളത്. ഓങ്കോളജി വിഭാഗം, ദന്തരോഗ വിഭാഗം. നേത്രരോഗ വിഭാഗം. ഫിസിയോതെറാപ്പി യൂണിറ്റ്, ചര്‍മ്മരോഗം ഒ.പി, ഇ.എന്‍.ടി. ഒ.പി, പി.എം.ആര്‍. ഒ.പി. എന്നിവ ഇവിടെ പ്രവര്‍ത്തിക്കും. ഇതിനുപുറമേ എന്‍.എച്ച്.എമ്മിന്റെ 43 ലക്ഷം രൂപ ഉപയോഗിച്ച് അത്യാധുനിക സജ്‌ജീകരണങ്ങളോടു കൂടിയ മൈക്രോബയോളജി ലാബും ഒരുങ്ങുന്നുണ്ട്.
പാര്‍ക്കിങ് സ്‌പേസ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അനുമതി എന്നിവ ലഭിക്കുന്ന മുറക്ക് കെട്ടിടം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്‌ജമാവും. വൈകിട്ട് 3.45ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ നേത്രരോഗ വിഭാഗം ഒ.പി, തീയറ്റര്‍ കോംപ്ലക്‌സിന്റെ പുതിയ കെട്ടിടം എന്നിവയുടെ ഉദ്‌ഘാടനം നടക്കും. 4.15ന് കുറ്റിപ്പുറം ഗവ. ഹോമിയോ ആശുപത്രിയില്‍ നബാര്‍ഡ് ഫണ്ടില്‍ നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മന്ത്രി നിര്‍വഹിക്കും. പരിപാടിയില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. അധ്യക്ഷനാവും. വൈകുന്നേരം അഞ്ചിന് മാറഞ്ചേരിയിലെ പുതിയ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും എന്‍.എച്ച്.എമ്മിന്റെയും തുക വകയിരുത്തി നിര്‍മ്മിച്ച പുതിയ കെട്ടിടം, മാറഞ്ചേരി ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ പുതിയ ലബോറട്ടറി ബ്ലോക്ക് എന്നിവയുടെ ഉദ്‌ഘാടനവും നടക്കും. നന്നംമുക്ക്, പാലപ്പെട്ടി, ഈഴവത്തുരുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ വരുന്ന ചേലക്കാവ്, പാലപ്പെട്ടി, ഈശ്വരമംഗലം, കോടത്തൂര്‍ സബ് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്‌ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. പരിപാടിയില്‍ പി. നന്ദകുമാര്‍ എം.എല്‍.എ. അധ്യക്ഷനാവും
