Type Here to Get Search Results !

സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്


കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർക്കൊപ്പം താമസിച്ചിരുന്ന ഇളയസഹോദരൻ പ്രമോദ് ഒളിവിലാണ്. കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് ശനിയാഴ്‌ച മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിമാർ മരിച്ചു എന്ന് പ്രമോദാണ് ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ചത്. ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോൾ രണ്ട് മുറികളിലായി കട്ടിലിൽ വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. എന്നാൽ, മരണവിവരം വിളിച്ചറിയിച്ച പ്രമോദ് ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തിൽ ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും പ്രമോദിൻ്റെ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തിയെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.