Type Here to Get Search Results !

'ബൈത്തുസ്സകാത്ത് കേരള ജീവിതങ്ങൾക്ക് നിറം നൽകുന്നു' സകാത്ത് കാമ്പയിൻ ഉദ്ഘാടനം ജനുവരി 19 ന്




ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ നെടും തൂണായി വർത്തിക്കുന്ന സകാത്തിനെ സാമൂഹിക പുരോഗതിക്കനുയോജ്യമായ രീതിയിൽ വിനിയോഗിച്ച് കാൽനൂറ്റാണ്ടിലേറെയായി കേരളത്തിലുടനീളം വ്യവസ്ഥാപിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടിത സകാത്ത് സംവിധാനമായ ബൈത്തുസ്സകാത്ത് കേരള 2026 ജനുവരി 20 മുതൽ ഫെബ്രുവരി 10 വരെ സകാത്ത് കാമ്പയിൻ സംഘടിപ്പിക്കും. ' *ബൈത്തുസ്സകാത്ത്കേരള ജീവിതങ്ങൾക്ക് നിറം നൽകുന്നു* ' എന്ന തലക്കെട്ടിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

സംഘടിത സകാത്ത് പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമായാൽ മാത്രമാണ് സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രയാസപ്പെടുന്നവരുടെയും അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സാധ്യമാവുക. സാമ്പത്തിക ശേഷിയുള്ള മുസ് ലികളുടെ നിർബന്ധമായ ബാധ്യത എന്നതോടൊപ്പം സാമൂഹ്യ പുരോഗതിയിൽ ക്രിയാത്മകവും സുസ്ഥിരവുമായ പങ്കാളിത്തം വഹിക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയാണ് സകാത്ത് എന്ന സന്ദേശമാണ് കാമ്പയിൻ മുന്നോട്ട് വെക്കുന്നത്. സമൂഹങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങളെയും പിന്നോക്കാവസ്ഥയെയും മുൻനിർത്തി സകാത്തിൻ്റെ വ്യവസ്ഥാപിത ശേഖരണവും വിതരണവും പങ്കാളിത്ത സഹകരണ പദ്ധതികളും കാമ്പയിനിന്റെ ഭാഗമായി ചർച്ചചെയ്യും. .

ഭവന നിർമാണം, തൊഴിൽ പദ്ധതികൾ, ചികിത്സ, സ്‌കോളർഷിപ്പ്, കുടിവെള്ള പദ്ധതി, പെൻഷൻ, കടബാധ്യത തീർക്കൽ തുടങ്ങിയ വിവിധ മേഖലകളിലായി അരലക്ഷത്തിലധികം ദരിദ്രരായ വ്യക്തികൾക്കും കുടും ബങ്ങൾക്കും കഴിഞ്ഞ വർഷങ്ങളിൽ സഹായം നൽകാൻ ബൈത്തുസ്സകാത്ത് കേരളക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 416 കുടുംബങ്ങൾക്ക് വീടുകളും 332 വ്യക്തികൾക്ക് തൊഴിൽ സഹായവും 315 വിദ്യാർത്ഥികൾക്ക് പഠന സഹായവും നല്കാൻ ഈ സംവിധാനത്തിന് സാധിച്ചിട്ടുണ്ട്. ബൈത്തുസ്സകാത്ത് കേരളയിലൂടെയും മഹല്ലുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നൂറുകണക്കിന് പ്രാദേശിക സകാത്ത് സംവിധാനങ്ങളിലൂടെയും വിനിയോഗിക്കപ്പെടുന്ന സകാത്ത് കേരളത്തിലെ ദാരിദ്ര്യ നിർമാർജനത്തിലും ദരിദ്ര ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണത്തിലും വലിയ പങ്കുവഹിക്കുന്നുണ്ട്.
  
 കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനുവരി 19 ന് വൈകുന്നേരം 6.45 ന് താനൂർ പുത്തൻതെരു, ഫിർദൗസ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി ബഹു. വി. അബ്ദുറഹിമാൻ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.ആരിഫലി, കുറുക്കോളി മൊയ്തീൻ എം.എൽ.എ, ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന്, തിരൂർ മുനിസിപ്പാലിറ്റി ചെയർമാൻ കീഴേടത്ത് ഇബ്രാഹിം ഹാജി, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ്കർ മാഷ്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ്, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷാഫി ഹാജി, അൻവർ സാദത്ത് കള്ളിയത്ത്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് പി.ടി.പി.സാജിദ, സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മലപ്പുറം ജില്ലാ പ്രസിഡൻ്റ് സമീർ കാളികാവ് തുടങ്ങിയവർ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ: പി.കെ.ഹബീബ് ജഹാൻ, ഡോ.അബ്ദുന്നാസർ കുരിക്കൾ, അബ്ദുറഹീം പുത്തനത്താണി, അയ്യൂബ് തിരൂർ, ഫൈസൽ കെ.വി പങ്കെടുക്കുത്തു.