മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയി. താൻ പറഞ്ഞ കാര്യങ്ങളില്‍നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല,നിലപാട് ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: വിദ്വേഷ പരാമർശം ആവർത്തിച്ച് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും താൻ പറഞ്ഞ കാര്യങ്ങളില്‍നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
'തന്നെ പച്ചയായി പിച്ചിക്കീറി തിന്നാൻ ചില മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. താൻ എന്ത് തെറ്റാണ് ചെയ്തത്. ചങ്ങനാശേരിയില്‍ ചെന്ന് ഇങ്ങനെ കാണിക്കുമോ?. '
' ചങ്ങനാശേരിയില്‍ കയറ്റുമോ, അവിടെ ചെന്ന് പറയാൻ തന്‍റേടമുണ്ടോ?. ഒരു പിന്നാക്ക സമുദായക്കാരനായിപ്പോയി എന്നതുകൊണ്ട് തന്നോട് എന്തും ആകാമെന്നാണോ ചിന്ത?.'
' നട്ടുച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് തന്നെ നടുറോഡില്‍ നിർത്തി, 89കാരനായ തന്നെ പോസ്റ്റ്‌മോർട്ടം ചെയ്യുകയായിരുന്നു. ഇതാണോ മര്യാദ?. പറഞ്ഞിട്ട് കേള്‍ക്കാതെ വന്നതോടെയാണ് മൈക്ക് തട്ടിയത്. ചവിട്ടിയില്ലല്ലോ. അതിനുടനെ കലിതുള്ളി'.
'മതതീവ്രവാദിയെന്ന് താൻ പറഞ്ഞില്ല. അത് പറയാതെ പോയതാണ് അബദ്ധമെന്ന് തോന്നി. തീവ്രവാദിയെന്ന് ഇനിയും പറയും. അഭിപ്രായം പറഞ്ഞതില്‍ നിന്ന് ഒരിഞ്ച് മാറില്ല. പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണെന്നും' വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
