വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച് വഞ്ചിച്ച മലപ്പുറം സ്വദേശി പിടിയില്‍.
മലപ്പുറം തിരൂർ അഴിമുഖം പടിഞ്ഞാറ്റാൻകര ചിറക്കുന്നത്ത് വീട്ടില്‍ ജിനേഷിനെ (33) ആണ് കൊട്ടാരക്കര പൊലിസ് അറസ്റ്റ് ചെയ്തത്.
ഡിവോഴ്സ് മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് ജിനേഷ് കൊട്ടാരക്കര സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടത്. വെബ്സൈറ്റിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാല്‍, ഒരു വർഷം മുൻപ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച വിവരം ജിനേഷ് മറച്ചുവെച്ചാണ് യുവതിയെ വിവാഹം ചെയ്തതെന്ന് പൊലിസ് കണ്ടെത്തി. വിവാഹശേഷം ജിനേഷിന്റെ മുൻകാല ജീവിതത്തെക്കുറിച്ച് സംശയം തോന്നിയ യുവതി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി
വിവാഹമോചിതർക്കുള്ള മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈല്‍ നല്‍കി വിശ്വാസം നേടിയെടുക്കുകയാണ് തട്ടിപ്പ് രീതി. ചതിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട യുവതി കൊട്ടാരക്കര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ മലപ്പുറത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. യുവതിയെ വഞ്ചിച്ചതിനും വിവരങ്ങള്‍ മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ചതിനും ജിനേഷിനെതിരെ പൊലിസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതി സമാനമായ രീതിയില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും പൊലിസ് പരിശോധിച്ച് വരികയാണ്.
