സുപ്രിംകോടതിയുടെ പരിഗണനയില്‍ കേസിരിക്കെ, അസമില്‍ വിദേശിയെന്നാരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തിയ വനിതയുടെ പൗരത്വം സുപ്രിംകോടതി പരിശോധിക്കുന്നു.
ഇതു സംബന്ധിച്ച ഹരജിയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അസം സർക്കാറിന് നോട്ടീസയച്ചു. ഫോറിനേഴ്സ് ട്രൈബ്യൂണല്‍ ഉത്തരവ് ശരിവച്ച 2025 ഓഗസ്റ്റിലെ ഗുവാഹത്തി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് വിധവയായ 44കാരി മുസ്ത് അഹേദ ഖാത്തൂണിന്റെ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.
സുപ്രിംകോടതിയുടെ തീരുമാനം കാത്തിരിക്കാതെ ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിരുന്നു. 2025 സെപ്റ്റംബറില്‍ അവരെ കസ്റ്റഡിയിലെടുക്കുകയും അസമിലെ തടങ്കല്‍ കേന്ദ്രത്തില്‍ പാർപ്പിക്കുകയും ചെയ്തിരുന്നു. പൗരത്വം തെളിയിക്കാനുതകുന്ന രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് സഹാദരൻ മുഖേന വനിത സുപ്രിംകോടതിയെ ബോധിപ്പിച്ചു. അവരുടെ പേരുള്ള നാല് വോട്ടർ പട്ടികകള്‍, ജമാബന്ദി, ഭൂമി രേഖകള്‍, രജിസ്റ്റർ ചെയ്ത ഗിഫ്റ്റ് ഡീഡ്, സ്കൂള്‍ സർട്ടിഫിക്കറ്റ്, ഗാവോൻബുറ സർട്ടിഫിക്കറ്റ് എന്നിവയുള്‍പ്പെടെ 9 സ്വീകാര്യമായ രേഖകള്‍ അവർ ട്രൈബ്യൂണലിന് മുന്നില്‍ ഹാജരാക്കിയിരുന്നു.
ഇക്കാര്യം ഹൈക്കോടതിയെ ബോധിപ്പിച്ചെങ്കിലും ഹരജി തള്ളിയത് ഹൈക്കോടതിയെ സമീപിക്കാൻ കാലതാമസമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണെന്നും ഹരജിക്കാരി വ്യക്തമാക്കി. മുസ്ത് അഹേദ ഖാത്തൂണിന്റെ പിതാവ്, പതിനാല് സഹോദരങ്ങള്‍ തുടങ്ങിയവർ ഉള്‍പ്പെടെ മുഴുവൻ കുടുംബത്തിന്റെയും പൗരത്വം അധികൃതർ അംഗീകരിച്ചിട്ടുണ്ട്. ഇവരെ മാത്രം നാടുകടത്തുകയായിരുന്നു.
