ചെറുവള്ളിയില്‍ കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്ര ബസിന് തീപിടിച്ച അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ ഡ്രൈവർ ജിഷാദ് റഹ്മാൻ, ഒപ്പം യാത്രക്കാരെ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള ആശ്വാസവും.
പിന്നാലെയെത്തിയ മീൻവണ്ടിയിലെ ആള്‍ക്കാരാണ് ബസിന്റെ പിന്നില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറെ അറിയിച്ചത്. യാത്രക്കാരെ പുറത്തിറക്കിയതിന് ശേഷം കണ്ടക്ടർ ബിജുമോനും ഡ്രൈവർ ജിഷാദ് റഹ്മാനും ചേർന്ന് ബസിലെ ഫയർ എസ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. പിൻഭാഗത്ത് ഇടതുവശത്തെ ടയറിനുസമീപത്തുനിന്ന് പടർന്ന തീ 10 മിനിട്ടിനുള്ളില്‍ ബസിലാകെ പടർന്നു. സീറ്റുകളും ബോഡിയും കത്തിയമർന്നു.
28 അംഗ വിനോദയാത്രാസംഘം മറ്റൊരു ബസില്‍ യാത്ര തുടർന്നപ്പോള്‍ കണ്ടക്ടർ ബിജുമോനോട് അവരോട് ഒപ്പം പോകാൻ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. കാര്യങ്ങള്‍ വിശദീകരിക്കുമ്ബോള്‍ കണ്‍മുന്നില്‍ ബസ് ഒരു തീഗോളമായി മാറുന്നത് കണ്ടതിന്റെ വേവലാതി ജിഷാദിന്റെ മുഖത്തുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് സഞ്ചാരികളുമായി ബസ് പുറപ്പെട്ടത്. സംഭവം നടന്ന ഇന്നലെ പുലർച്ചെ 3.45 ന് എല്ലാവരും ഉറക്കത്തിലായിരുന്നു. അപകടസാദ്ധ്യത അറിയിച്ച് ബാഗുള്‍പ്പെടെ എല്ലാ ലഗേജുകളുമെടുത്ത് പുറത്തിറക്കി. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം, പത്തനംതിട്ട, കോട്ടയം, പൊൻകുന്നം ഡിപ്പോകളിലെ മെക്കാനിക്കല്‍ എൻജിനിയറിംഗ് മേധാവികള്‍, ജനറല്‍ ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ സ്ഥലത്തെത്തി ബസ് പരിശോധിച്ചു. ബ്രേക്ക് ലൈനർ പ്രശ്നമോ, ഷോർട്ട് സർക്യൂട്ടോ ആയിരിക്കാമെന്നാണ് നിഗമനം.
