അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തില്‍ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു. എറിന്‍ പിയാസെന്റി (32) ആണ് കൊല്ലപ്പെട്ടത്. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ക്കകമാണ് ദാരുണമായ കൊലപാതകം. തിരക്കേറിയ ടൈംസ് സ്‌ക്വയറിലൂടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എറിനെ യാതൊരു പ്രകോപനവും കൂടാതെ 49-കാരിയായ പമേല സിസ്‌നെറോസ് എന്ന സ്ത്രീ ആക്രമിക്കുകയായിരുന്നു. ആദ്യം സബ്വേ സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന 68 വയസ്സുകാരനായ വിനോദസഞ്ചാരിയെ ആണ് പമേല കുത്തിപ്പരിക്കല്‍പ്പിച്ചത്. തുടര്‍ന്നാണ് തൊട്ടടുത്ത് ഉണ്ടായിരുന്ന എറിന്‍ പിയാസെന്റിക്ക് നേരെ തിരിയുകയായിരുന്നു. തീവ്രമായി പരിക്കേറ്റ എറിനെയും 68-കാരനെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 68-കാരന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ന്യൂയോര്‍ക്ക് പോലിസ് അക്രമിയോട് കത്തി താഴെയിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല. കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന സ്ത്രീ പോലിസുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുന്നോട്ട് കുതിച്ചു. പോലിസ് സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നടത്തിയ വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നുകുട്ടികളുടെ അമ്മയായ പ്രതി മാനസികരോഗമുള്ള ആളായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അടുത്തിടെയാണ് എറിനും ഭര്‍ത്താവ് ഫ്രാങ്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. പ്രസവാവധിയുടെ സന്തോഷം പങ്കുവെച്ച് കുടുംബത്തോടൊപ്പം ചെലവഴിച്ച ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് എറിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്.
