കൊളപ്പുറത്ത് പുതിയ ദേശീയപാതയിലൂടെ കാർ തെറ്റായ ദിശയില്‍ ഓടിച്ച സംഭവത്തില്‍ എൻഫോഴ്‌സ്‌മെന്റ് ആർടിഒ കേസെടുത്തു.
ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കർശന നടപടികളിലേക്ക് അധികൃതർ നീങ്ങുകയാണ്. പുതിയ ദേശീയപാത തുറന്നതിന് പിന്നാലെ ജില്ലയില്‍ അപകടങ്ങള്‍ തുടർക്കഥയാകുന്നതിനിടയിലാണ് ഈ നിയമലംഘനം. ദേശീയപാതയിലെ സ്പീഡ് ട്രാക്കിലൂടെ ഹോണ്ട ക്രെറ്റ കാർ എതിർദിശയില്‍ ഓടിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
ദേശീയപാതകളില്‍ ഗതാഗത നിയമലംഘനങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഞായറാഴ്ചയും സമാനമായ നടപടിയുണ്ടായിരുന്നു. കോട്ടയ്ക്കല്‍ സ്വാഗതമാടില്‍ ആറുവരി പാതയിലൂടെ തെറ്റായ ദിശയില്‍ ബസ് പിന്നോട്ട് ഓടിച്ച സംഭവത്തില്‍ കോട്ടയ്ക്കല്‍ പോലീസ് കേസെടുത്തിരുന്നു. രാത്രി എട്ടുമണിയോടെ എക്സിറ്റ് പോയിന്റ് കഴിഞ്ഞുപോയ സ്വകാര്യ കോണ്‍ട്രാക്‌ട് കാരിയേജ് ബസ്, റോഡില്‍ നിന്ന് പുറത്തിറങ്ങാനായി റിവേഴ്സ് എടുക്കുകയായിരുന്നു. നാട്ടുകാർ ഇത് ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിക്കുകയും ചെയ്തതോടെയാണ് ജീവനക്കാർ ബസ് പിന്നോട്ട് എടുക്കുന്നത് നിർത്തിയത്.
