Type Here to Get Search Results !

'ഇനി ഞാന്‍ മദ്യപിച്ച്‌ വണ്ടിയോടിക്കില്ല'; പിടിയിലായ 26 ഡ്രൈവര്‍മാര്‍ക്കും 1000 വട്ടം ഇംപോസിഷന്‍


കൊച്ചി നഗരത്തില്‍ നിയമലംഘനം നടത്തിയ 32 ബസുകള്‍ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച്‌ വാഹനമോടിച്ച 26 ഡ്രൈവര്‍മാര്‍ പൊലീസ് പിടിയിലായി.ഇവരില്‍ 4 പേര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും 2 പേര്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍മാരുമാണ്. നിയമ ലംഘനത്തിന് പിടികൂടിയ ഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷനും പൊലീസ് ശിക്ഷയായി നല്‍കി.


ഇന്ന് രാവിലെ നഗരത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യപിച്ച്‌ വാഹനമോടിച്ച 26 ഡ്രൈവര്‍മാര്‍ പൊലീസിന്‍റെ പിടിയിലായത്. ഇതില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാരും കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍മാരും ഉള്‍പ്പെട്ടത് പൊലീസിനെ പോലും അമ്ബരിപ്പിച്ചു. നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കാല് നിലത്തുറക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനങ്ങളും പിടിച്ചെടുത്തു. കുട്ടികളെ പൊലീസ് സുരക്ഷിതമായി സ്കൂളുകളില്‍ എത്തിച്ചു. സ്കൂള്‍ അധികൃതരില്‍ നിന്നും പൊലീസ് വിശദീകരണം തേടി.



സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികള്‍ മരിച്ചതോടെയാണ് കൊച്ചി നഗരത്തില്‍ വാഹന പരിശോധനയും നടപടികളും പൊലീസ് കര്‍ശനമാക്കിയത്.ഇനി ഒരാളുടെ ജീവന്‍ കൂടി നഷ്ടപെടാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതിയും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഗതാഗത നിയ ലംഘനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതിപെടാനുള്ള മൊബൈല്‍ഫോണ്‍ നമ്ബര്‍ പൊലീസ് തയ്യാറാക്കുന്നുണ്ട്.വൈകാതെ തന്നെ ഇത് എല്ലാ സ്വകാര്യ ബസുകളിലും പതിപ്പിക്കും.

Tags