Type Here to Get Search Results !

സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്‌സില്‍ നിരന്തരം തോല്‍വി; അദ്ധ്യാപകന്റെ നിലവാരം അന്വേഷിച്ച വിദ്യാഭ്യാസ വകുപ്പ് ഞെട്ടി; അദ്ധ്യാപകന്‍ വ്യാജന്‍


തൃശൂര്‍: കേരളത്തില്‍ ഇതുവരെ കേള്‍ക്കാത്ത സംഭവമാണ് തൃശൂര്‍ പാടൂരിലെ സ്‌കൂളില്‍ സംഭവിച്ചത്. വ്യാജബിരുദം കാണിച്ച്‌ കാല്‍ നൂറ്റാണ്ടോളം അദ്ധ്യാപകനായി ജോലി ചെയ്ത ആളെ പിരിച്ചുവിട്ടു. പാടൂര്‍ അലിമുല്‍ ഇസ്ലാംഹയര്‍ സെക്കന്റി സ്‌കൂള്‍ മുന്‍ വൈസ് പ്രിന്‍സിപ്പല്‍ കെ.വി. ഫൈസലിനെ ആണ് സര്‍വീസില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടത്.

ഇയാള്‍ 22 വര്‍ഷമായി ഈ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. വിദ്യാഭ്യാസ യോഗ്യതയായി കാണിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. മൈസൂര്‍, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റികളുടെ വ്യാജ ബിരുദവും, ബിരുദാനന്തര ബിരുദവും ബിഎഡ് സര്‍ട്ടിഫിക്കറ്റും ആണ് ഫൈസല്‍ സ്‌കൂളില്‍ ഹാജരാക്കിയിരുന്നത്. എംഎസ്സി ഫിസിക്‌സ് ആണ് വ്യാജ സര്‍ട്ടിഫിക്കറ്റായി നല്‍കിയിരുന്നത്.
അലിമുല്‍ സ്‌കൂളില്‍ ഭൗതിക ശാസ്ത്ര അദ്ധ്യാപകനായി ആണ് ജോലി ചെയ്തത്. സ്‌കൂളില്‍ ദേശീയഗാനം തടസ്സപ്പെടുത്തിയെന്ന ആരോപണവും ഫൈസലിനെതിരെ ഉയര്‍ന്നിരുന്നു. ദേശീയഗാനം ആലപിക്കുന്നതിനിടെ സ്‌കൂളിലെ വൈദ്യുതി വിച്ഛേദിച്ചുവെന്നതാണ് പരാതി. ഫൈസലിന് മതമൗലികവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണവും നേരത്തെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ബിജെപിയും സംഘപരിവാറും സ്‌കൂളിലേക്ക് മാര്‍ച്ചും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

അദ്ധ്യാപന നിലവാരത്തിലെ വീഴ്ച ഉള്‍പ്പെടെ ശ്രദ്ധിക്കപ്പെട്ടതോടെ ആണ് ഇയാളുടെ ബിരുദം സംബന്ധിച്ച്‌ അന്വേഷണം നടന്നത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഫിസിക്‌സില്‍ നിരന്തരം പിന്നോക്കം പോയിരുന്നു. ഇതിനെതുടര്‍ന്നാണ് ഇയാളെ അന്വേഷണവിധേയമായി സ്പെന്‍ഡ് ചെയ്തത്. അന്വേഷണത്തില്‍ ഇയാളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുകയായിരുന്നു. ഇതുസംബന്ധിച്ചസര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

ദേശീയഗാനം ആരംഭിക്കുന്നത് തടസ്സപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിരവധി പ്രവൃത്തികളില്‍ ആരോപണവിധേയനാണ് ഫൈസല്‍. വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും, സഹപ്രവര്‍ത്തകരായ വനിതകളോട് മോശമായി പെരുമാറുകയും ചെയ്തതായും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പിരിച്ചുവിടല്‍. സേവനകാലയളവില്‍ ഇയാള്‍ കൈപ്പറ്റിയ ശമ്ബളം തിരിച്ചുപിടിക്കണമെന്ന ആവശ്യവും പരാതിയില്‍ ഉന്നയിച്ചിരുന്നു.

ഇക്കാലയളില്‍ ഒരു കോടിയോളം രൂപ ശമ്ബളമായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണക്ക്കൂട്ടല്‍. ഇത് തിരിച്ചുപിടിച്ച്‌ പൊതുഖജനാവിലേക്ക് അടയ്ക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. സസ്‌പെന്‍ഷനില്‍ തുടര്‍ന്നിരുന്ന ഇയാളെ കിഞ്ഞ മാസം 10നാണ് പൊതുവിദ്യാഭ്യാസവകുപ്പ് ഡിസ്മിസ് ചെയ്തത്. ഇതോടെ ഇയാളുടെ പുറത്താക്കല്‍ നടപടി പൂര്‍ത്തിയായി. ഇയാളുടെ ശമ്ബളം തിരിച്ചുപിടിക്കാന്‍ റവന്യൂ റിക്കവറി നടപടികള്‍ ഉള്‍പ്പെടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.