Type Here to Get Search Results !

പെട്രോള്‍ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ പെട്ടെന്ന് തന്നെ പടര്‍ന്നു ; പ്രജിത്ത് കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി സംശയം


കണ്ണൂര്‍: കാറിന് തീപിടിച്ച്‌ ദമ്ബതികള്‍ വെന്തു മരിച്ച സംഭവത്തില്‍ ഫോറന്‍സിക് കാറില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചു.
വാഹനത്തിന് പെട്ടെന്ന് തീ പിടിക്കാന്‍ കാരണമായത് കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെട്രോളാണെന്ന് സംശയം ഉയരുന്നുണ്ട്. കാറിന്റെ മൂന്‍ഭാഗത്ത് നിന്നും പെട്രോള്‍ കുപ്പികള്‍ എന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായിട്ടാണ് വിവരം.

ഇന്നലെയായിരുന്നു കണ്ണൂര്‍ കുറ്റിയാട്ടൂര്‍ കാരാറമ്ബ് സ്വദേശികളായ പ്രജിത്തും ഭാര്യ റീഷയും കാറില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് വെന്തു മരിച്ചത്. ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്ത് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. കാറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ പടര്‍ന്നതിന് കാരണം കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ചതിനെ തുടര്‍ന്നാണെന്നാണ് വിലയിരുത്തല്‍.

കാറിനുള്ളില്‍ എയര്‍ പ്യൂരിഫയറും സാനിറ്റെസറും പോലെ പെട്ടെന്ന് തീ പിടിക്കുന്ന മറ്റു വസ്തുക്കളും ഉണ്ടായിരുന്നു. ഡോര്‍ തുറക്കാനാകാതെ പോയതും സീറ്റ് ബല്‍റ്റ് ഇട്ടിരുന്നതും പ്രജിത്തിനും റീഷയ്ക്കും പ്രശ്‌നമായി. ഫോറന്‍സിക് ഇവിടെ പരിശോധന നടത്തി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. വാഹനത്തില്‍ സെക്കന്റുകള്‍ക്കുള്ളില്‍ തീ പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന വസ്തുക്കള്‍ വാഹനത്തില്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ട വിഷയമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പറഞ്ഞു. ആശുപത്രിയില്‍ പവേശിപ്പിക്കാന്‍ പോകുന്ന വഴിക്കായിരുന്നു അപകടം. പിന്‍ സീറ്റിലിരുന്ന നാലു പേര്‍ രക്ഷപ്പെട്ടു. 

കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്കു സമീപം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. പ്രത്യേകം സൗണ്ട് ബോക്‌സും റിവേഴ്‌സ് ക്യാമറയും കാറില്‍ ഘടിപ്പിച്ചിട്ടുണ്ട്. കാറില്‍ ആദ്യം തീപടര്‍ന്നത് ഡാഷ് ബോര്‍ഡില്‍ നിന്നാണെന്നായിരുന്നു ആദ്യം തന്നെ ഉയര്‍ന്ന സംശയം.