Type Here to Get Search Results !

പൊന്നാനിയില്‍ കപ്പലടുപ്പിക്കല്‍ സാധ്യത സജീവമാക്കി സംസ്ഥാന ബജറ്റ്

ചരക്ക്, ഗതാഗതസൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയതോടെ പൊന്നാനിയില്‍ കപ്പല്‍ അടുപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കൈത്താങ്ങായിരിക്കുകയാണ് സംസ്ഥാന ബജറ്റ്.

അഞ്ച് തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 40.5 കോടി രൂപ അനുവദിച്ചതിലാണ് പൊന്നാനിയും ഉള്‍പ്പെട്ടത്. പൊന്നാനി കൂടാതെ അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളുടെ വികസനത്തിനാണ് ബജറ്റില്‍ ഫണ്ട് വകയിരുത്തിയത്. പൊന്നാനിയില്‍ കപ്പലടുപ്പിക്കാനുള്ള പഠന റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. 

ഹാര്‍ബറിന് സമീപത്ത് 150 മീറ്റര്‍ നീളത്തില്‍ കപ്പല്‍ ടെര്‍മിനല്‍ നിര്‍മിക്കാന്‍ പ്രാഥമിക ധാരണയായിട്ടുണ്ട്. പുതിയ ജങ്കാര്‍ ജെട്ടി മുതല്‍ കനോലി കനാല്‍ വരെയുള്ള ഭാഗത്ത് പുതിയ വാര്‍ഫും നിര്‍മിക്കും. കപ്പലുകള്‍ സുഗമമായി അടുപ്പിക്കാന്‍ 13 മീറ്റര്‍ വരെ ആഴം വര്‍ധിപ്പിക്കാനാണ് തീരുമാനം. ആഴം വര്‍ധിപ്പിക്കുമ്ബോള്‍ എടുക്കുന്ന മണല്‍ വില്‍ക്കുമ്ബോള്‍ സാമ്ബത്തിക ബാധ്യത ഒഴിവാകുമെന്നാണ് പ്രതീക്ഷ. വിവിധോദ്ദേശ്യ പദ്ധതിയെന്ന നിലയിലാണ് പൊന്നാനി ഹാര്‍ബര്‍ കേന്ദ്രീകരിച്ച്‌ ഇവ നടപ്പാക്കുക. 200 മീറ്റര്‍ നീളത്തില്‍ ചരക്ക് കപ്പലുകള്‍ക്കുള്‍പ്പെടെ നങ്കൂരമിടാവുന്ന തരത്തിലുള്ള ഡി.പി.ആറാണ് സമര്‍പ്പിച്ചത്.

നേരത്തേ നടത്തിയ ഹൈഡ്രോഗ്രാഫിക് സര്‍വേയില്‍ കപ്പലടുപ്പിക്കാന്‍ പൊന്നാനി തുറമുഖം അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു. നൂറുകോടി രൂപയോളം ചെലവുവരുന്ന പദ്ധതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കുന്ന തരത്തിലാണ് തയാറാക്കിയത്. 

നിലവില്‍ പൊന്നാനി അഴിമുഖത്ത് ചിലയിടങ്ങളില്‍ ആറ് മീറ്ററോളം ആഴമുണ്ടെന്നാണ് സര്‍വേയില്‍ വ്യക്തമായത്. ഇവിടെ ഡ്രഡ്ജിങ് നടത്തി 10 മീറ്ററോളം ആഴം വര്‍ധിപ്പിക്കും. തുറമുഖവകുപ്പിന് കീഴിലുള്ള സ്ഥലമുള്‍പ്പെടെ ഏറ്റെടുത്ത് കപ്പലുകള്‍ അടുപ്പിക്കാനാവശ്യമായ വലിയ വാര്‍ഫുള്‍പ്പെടെ നിര്‍മിക്കും. ഇതിന്‍റെ ഭാഗമായി കടലോരത്തെ പഴയ മത്സ്യബന്ധന ഷെഡുകള്‍ പൊളിച്ചുമാറ്റാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. 

ലക്ഷദ്വീപുമായി ഏറ്റവും ദൂരക്കുറവുള്ള തുറമുഖം പൊന്നാനിയായതിനാല്‍ യാത്രഗതാഗതത്തിന് പുറമെ ചരക്ക് ഗതാഗതത്തിനും സാധ്യതകള്‍ ഏറെയെന്നാണ് നിഗമനം. കോയമ്ബത്തൂരിലേക്കുള്‍പ്പെടെ വാണിജ്യ സാധനങ്ങള്‍ കയറ്റിയയക്കാനുള്ള സാധ്യതയുമുണ്ട്. പുരാതന കാലത്ത് കപ്പലടുത്തിരുന്ന തുറമുഖമെന്നതിനാല്‍ കുറഞ്ഞ ചെലവില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.