Type Here to Get Search Results !

സീബ്രാലൈന്‍ കാല്‍നടക്കാര്‍ക്ക്; അപകടമുണ്ടായാല്‍ ഉത്തരവാദി ഡ്രൈവറെന്ന് ഹൈകോടതി


റോഡുകളിലെ സീബ്രാലൈനുകളില്‍ പ്രഥമ പരിഗണന കാല്‍നടക്കാര്‍ക്കും ഇവിടെയുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഡ്രൈവര്‍ക്കുമാണെന്നും ഹൈകോടതി.
സീബ്രാ ക്രോസിങ്ങില്‍ കാല്‍നടക്കാരന്‍റെ അവകാശം സംബന്ധിച്ച്‌ ഒരു തര്‍ക്കത്തിനും സ്ഥാനമില്ല. കാല്‍നടക്കാര്‍ സീബ്രാലൈനിലൂടെ പോകുമ്ബോള്‍ വാഹനത്തിന്‍റെ വേഗം കുറക്കാനും നിര്‍ത്തിക്കൊടുക്കാനും ഡ്രൈവര്‍ക്ക് ബാധ്യതയുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. 

സീബ്രാലൈനില്‍ അപകടത്തില്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക് 48.3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന തലശ്ശേരി മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് ഇന്‍ഷുറന്‍സ് കമ്ബനി നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

ഡോറീന റോള മെന്‍ഡന്‍സ എന്ന എല്‍.പി സ്കൂള്‍ പ്രധാനാധ്യാപിക കണ്ണൂര്‍ ചെറുകുന്ന് ദേശീയ പാതയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്ബോള്‍ 2015 ഫെബ്രുവരി 10ന് പൊലീസ് വാഹനംഇടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ മരിച്ചു. ഇതിലൂടെ കുടുംബത്തിനുണ്ടായ നഷ്ടം വിലമതിക്കാനാകാത്തതാണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. 1989ലെ റോഡ് റഗുലേഷന്‍ ചട്ടമനുസരിച്ച്‌ സീബ്രാലൈനുകളില്‍ വാഹനങ്ങള്‍ വേഗം കുറച്ച്‌ കാല്‍നടക്കാര്‍ക്ക് സൗകര്യമൊരുക്കണമെന്നാണ് വ്യവസ്ഥ. 

എന്നാല്‍, റോഡപകടത്തിന് ഇരയാകുന്നയാളെ കുറ്റാരോപിതനാക്കുന്ന പ്രവണതയുണ്ട്. നമ്മുടെ റോഡുകളില്‍ കാല്‍നടക്കാര്‍ക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണ്. അപൂര്‍വമായി മാത്രമേ റോഡ് കുറുകെ കടക്കുന്നതിനുള്ള അടയാളങ്ങളുള്ളൂ. ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച അറിവില്ലായ്മ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റോഡ് കുറുകെ കടക്കാവുന്ന രീതിയില്‍ പ്രധാന റോഡുകളില്‍ സീബ്രാലൈനുകള്‍ ക്യത്യമായി രേഖപ്പെടുത്തണം. മക്കള്‍ പ്രായപൂര്‍ത്തിയായെന്നും അതിനാല്‍ മരിച്ചയാളുടെ ആശ്രിതരല്ലെന്നുമുള്ള ഇന്‍ഷുറന്‍സ് കമ്ബനിയുടെ വാദം അത്ഭുതപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ട കോടതി, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് വിലയിരുത്തി. മറ്റാരേക്കാളും നിയമം പാലിക്കാന്‍ ബാധ്യസ്ഥനാണ് പൊലീസുകാരന്‍. പൊലീസ് വാഹനമാണ് ഇവിടെ അപകടമുണ്ടാക്കിയത്.

ട്രൈബ്യൂണലിന്‍റെ കണ്ടെത്തലില്‍ അപാകതയില്ലെന്ന് വ്യക്തമാക്കിയ കോടതി, ട്രൈബ്യൂണല്‍ വിധിച്ച നഷ്ടപരിഹാരത്തുക ആശ്രിതര്‍ക്ക് ഉടന്‍ നല്‍കാന്‍ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കും ദേശീയ പാത അതോറിറ്റിക്കും പൊതുമരാമത്ത് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഉത്തരവ് അയച്ചുകൊടുക്കാനും നിര്‍ദേശിച്ചു.