വേങ്ങര: വേങ്ങര ടൗണിലെ ചില സ്വകാര്യ മെഡിക്കല്‍ ലാബുകള്‍ക്കെതിരെ ആക്ഷേപം ശക്തമാവുന്നു. പരിശോധന ഫലങ്ങള്‍ വ്യാജമായി നല്‍കുന്നുവെന്ന ആരോപണവും വ്യാപകമാവുന്നു. താഴെ അങ്ങാടിയിലെ സ്വകാര്യ ലാബില്‍ രക്ത ഗ്രൂപ്പ് നിര്‍ണ്ണയം നടത്തിയ രോഗിക്ക് തെറ്റായ ഫലം നല്‍കിയെന്ന ആക്ഷേപത്തിന് പിറകെയാണ് പുതിയ ആരോപണം ചര്‍ച്ചയായിരിക്കുന്നത്. മെഡിക്കല്‍ ലാബ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെന്ന പേരിലുള്ള ഫോണ്‍ സംഭാഷണമാണ് പുതിയ ആക്ഷേപം സജീവമാക്കാനിടയാക്കിയത്.
വേങ്ങര ബ്ലോക്ക് റോഡ് ഭാഗത്തെ ഒരെ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. രക്തം, മൂത്രം തുടങ്ങിയവ പരിശോധിക്കാതെ തന്നെ വ്യാജ ഫലം നല്‍കുന്നുവെന്നും മൂത്രത്തിന്റെ നിറം കണ്ട് ഫലം നല്‍കുന്നുവെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സോഡിയം , പൊട്ടാസ്യം തുടങ്ങിയവയെല്ലാം ഇവിടെങ്ങളില്‍ പരിശോധിക്കാതെ ഫലം നല്‍കുന്നുവെന്നും ആക്ഷേപമുണ്ട്. ഫോണ്‍ ചര്‍ച്ചയുടെ ശബ്ദം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച സജീവമാണ്. എന്നാൽ ഇത് തങ്ങളുടെ ശബ്ദ സന്ദേശമല്ലെന്നു ലാബ് ഉടമ പറഞ്ഞു.
വേങ്ങരയില്‍ ലാബുകളിലെ ടെസ്റ്റുകള്‍ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മേഖല കമ്മിറ്റി ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട് . വിവിധ സംഘടനകളും നടപടി ആവശ്യപ്പെട്ടു രംഗത്ത് വന്നിട്ടുണ്ട്.
