Type Here to Get Search Results !

മധുരം പൊതിഞ്ഞ വിഷം; പഞ്ഞി മിഠായിയില്‍ മാരക രാസവസ്തു.




കൊല്ലത്ത് പിടിച്ചെടുത്ത പഞ്ഞിമിഠായിയില്‍ മാരക രാസവസ്തു. മിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാവകുപ്പാണ് നിരോധിത നിറം ചേര്‍ത്ത മിഠായികള്‍ പിടിച്ചെടുത്തത്. കൊല്ലം കരുനാഗപ്പളളിയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലാണ് നിരോധിത നിറം ചേര്‍ത്തുളള അനധികൃത മിഠായി നിര്‍മാണം കണ്ടെത്തിയത്. കരുനാഗപ്പള്ളി പുതിയകാവില്‍ ഉത്തര്‍പ്രദേശുകാരായ തൊഴിലാളികള്‍ താമസിക്കുന്നയിടത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയിലാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ കണ്ടത്. ശുചിമുറിയിലും മറ്റുമായി വൃത്തിഹീനമായ സ്ഥലത്ത് നിരോധിത നിറങ്ങള്‍ ചേര്‍ത്തായിരുന്നു ബോംബെ മിഠായിയുടെ ഉല്‍‌പ്പാദനം. തഴപ്പായിക്ക് നിറം നല്‍കുന്ന മിശ്രിതമാണ് ബോംബെ മിഠായിക്കും ഉപയോഗിച്ചത്. നാലു യന്ത്രങ്ങളും പിടിച്ചെടുത്തു. കെട്ടിടം ഉടമ കരുനാഗപ്പളളി സ്വദേശി സക്കീര്‍ ഹുസൈനെതിരെയാണ് നടപടി. രണ്ടുദിവസത്തിനുളളില്‍ കെട്ടിടത്തിലുളള ഇരുപത്തിയഞ്ചു പേരെ ഒഴിപ്പിക്കും. ഏറെനാളായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഉല്‍സവപറമ്പുകളിലും ബീച്ചുകളിലും മറ്റ് ആഘോഷമേളകള്‍ നടക്കുന്നയിടത്തൊക്കെയാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. കരുനാഗപ്പളളിയില്‍ നിന്ന് ഒഴിവാക്കിയാലും മറ്റേതെങ്കിലും സ്ഥലത്തേക്ക് ഇതേ കച്ചവടവുമായി ഇവര്‍ എത്താനുളള സാധ്യതയും തളളിക്കളയാനാവില്ല.
Tags