പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടിയില്‍ പിഴവ് സമ്മതിച്ച് സര്‍ക്കാര്‍. തിരക്കിട്ട് നടപടി പൂര്‍ത്തിയാക്കിയപ്പോള്‍പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി.പേരിലെ സാമ്യം ആണ് പിഴവ് പറ്റാന്‍ കാരണമെന്നാണ് വിശദീകരണം. തെറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ തിരുത്തല്‍ നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
209 പേരുടെ പട്ടിക പുതുക്കി ക്രമീകരിച്ചെന്നും സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നു. ആഭ്യന്തര സെക്രട്ടറിയുടെ പേരില്‍ ആണ്
ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജപ്തിയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നര്‍പ്പോള്‍ തന്നെ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
സ്വത്ത്‌വകകള്‍ ജപ്തി ചെയ്ത ആളുകളുടെ പി.എഫ്.ഐ ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പുതുക്കിയ സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. നിലവില്‍ 209 പേരുടെ സ്വത്തുവകകള്‍ മാത്രമാണ് പോപുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ആദ്യഘട്ടത്തില്‍ 248 പേരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്നായിരുന്നു അറിയിച്ചിരുന്നത്.
ഹര്‍ത്താലില്‍ 5.2 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് പിഎഫ്‌ഐ നേതാക്കളില്‍ നിന്ന് ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് നേതാക്കളുടെ ആസ്തികള്‍ ജപ്തി ചെയ്ത് തുക കണ്ടെത്താന്‍ കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ വിമുഖത കാണിച്ചെങ്കിലും കോടതി കര്‍ശനമായി തന്നെ ഇതില്‍ ഇടപെട്ടു. 2022 സെപ്റ്റംബര്‍ 23 നാണ് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത്.
