Type Here to Get Search Results !

ടെക്നീഷ്യന്‍ പഠനം ഉപയോഗിച്ച്‌ കൊച്ചിയില്‍ എടിഎം തകര്‍ത്തു, സിസിടിവിയെ കബളിപ്പിച്ചു; പക്ഷേ മലപ്പുറത്തെ 20 കാരന്‍ പിടിയില്‍


കൊച്ചിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍


കൊച്ചി: എ ടി എം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ മലപ്പുറത്ത് യുവാവ് പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ പാലത്തിങ്കല്‍ വീട്ടില്‍ ഷഫീറിനെ (20) യാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പനമ്ബിളളി നഗര്‍ മനോരമ ജംഗ്ഷനിലുളള സ്റ്റേറ്റ് ബാങ്ക് എ ടി എം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം.

മോഷണത്തിനു എത്തിയവര്‍ ക്യാബിനുളളില്‍ കടന്ന രണ്ടുപേര്‍ അലാറം ഓഫ് ചെയ്ത് ഗ്യാസ് കട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച്‌ എ ടി എം തകര്‍ക്കുകയായിരുന്നു. എന്നാല്‍ ബാങ്കിന്റെ മുബൈയിലുളള കണ്‍ട്രോള്‍ റൂമില്‍ കവര്‍ച്ചയുടെ മുന്നറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് ഇവര്‍ കേരള പോലീസിന് വിവരം കൈമാറി. ഇതറിഞ്ഞ സംഭവ സ്ഥലത്ത് പോലീസ് എത്തുമ്ബോഴേക്കും പ്രതികള്‍ കടന്ന് കളയുകയായിരുന്നു. കൗണ്ടറിലെ സി ഡി എം മെഷീനിന്റെ പകുതി തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് എറണാകുളം അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ സംഭവ സമയം തൊപ്പി ധരിച്ചിരുന്നതിനാല്‍ കൗണ്ടറിനുള്ളിലെ സി സി ടി വി ക്യാമറകളില്‍ മുഖം കൃത്യമായി കാണാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് സമീപ പ്രദേശത്തുളള സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കുറിച്ച്‌ ചെറിയ സൂചന ലഭിക്കുകയായിരുന്നു. പ്രതികള്‍ മുന്‍പ് ഇതേ എ ടി എം കൗണ്ടര്‍ ഉപയോഗിച്ചതാണ് പോലീസിന് പിടിവള്ളിയായത്. ഇവര്‍ ഉപയോഗിച്ചിരുന്ന കാര്‍ഡിന്റെ വിവരങ്ങള്‍ ശേഖരിച്ച്‌ ആളുകളെ തിരിച്ചറിയുകയായിരുന്നു പോലീസ്.

മൊബൈല്‍ ലൊക്കേഷനും മറ്റും നിരീക്ഷിച്ച്‌ ഷഫീര്‍ കടവന്ത്ര ഭാഗത്ത് എത്തിയതായി വിവരം ലഭിച്ച എറണാകുളം ടൗണ്‍ സൗത്ത് പോലീസ് എസ് ഐ ദിനേഷ് ബി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിക്കെതിരെ മലപ്പുറം പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ വാഹന മോഷണ കേസ് നിലവിലുണ്ട്. സി സി ടി വി ടെക്നീഷ്യന്‍ കോഴ്സ് കഴിഞ്ഞിട്ടുളള ഷഫീര്‍, ആ അറിവ് വച്ചാണ് സുരക്ഷാ അലാറം ഓഫ് ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.