Type Here to Get Search Results !

ഇനി 'ചില്ലറ' പ്രശ്‌നങ്ങളില്ല ; ഡിജിറ്റല്‍ പേയ്‌മെന്‍റ് സംവിധാനത്തിലൂടെ മുഖംമിനുക്കി കെഎസ്‌ആര്‍ടിസി, ഉടന്‍ ഓര്‍ഡിനറി ബസുകളിലേക്കും



കണ്ടക്‌ടര്‍മാരും യാത്രക്കാരും നേരിടുന്ന ചില്ലറയുടെ പ്രശ്‌നങ്ങളും കലക്ഷനിലെ സുതാര്യതയും കണക്കിലെടുത്ത് ഡിജിറ്റല്‍ പേയ്‌മെന്‍റ് സിസ്‌റ്റം വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ആരംഭിച്ച്‌ കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ബസില്‍ ഇനി ടിക്കറ്റെടുക്കാന്‍ ചില്ലറ തപ്പി നടക്കേണ്ട. ഡിജിറ്റല്‍ പേയ്‌മെന്‍റ് സിസ്‌റ്റം വഴി പണം നല്‍കി ടിക്കറ്റെടുക്കാനുള്ള സംവിധാനം എന്‍ഡ് ടു എന്‍ഡ് സര്‍വീസുകളില്‍ ആരംഭിച്ചു. മാര്‍ച്ച്‌ മാസം പകുതിയോടെയാണ് സെന്‍ട്രല്‍ യൂണിറ്റില്‍ നിന്ന് പുതുതായി ആരംഭിച്ച തിരുവനന്തപുരം - നെടുമ്ബാശ്ശേരി, തിരുവനന്തപുരം - ഹൈക്കോടതി എന്നീ എന്‍ഡ് ടു എന്‍ഡ് ലോ ഫ്ലോര്‍ എസി ബസുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്‍റ് സിസ്‌റ്റം വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ആരംഭിച്ചത്. 

ഡിജിറ്റലായി 'ആനവണ്ടി': ബസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കി ടിക്കറ്റെടുക്കാം. ഡിജിറ്റല്‍ പേയ്‌മെന്‍്റ് സിസ്റ്റം വഴി പണം നല്‍കാനുള്ള സംവിധാനത്തിന്‍്റെ ട്രയല്‍ റണ്‍ വിജയകരമായതിന് പിന്നാലെയാണ് കൂടുതല്‍ ബസുകളിലേക്ക് ഈ സംവിധാനം നടപ്പാക്കുന്നത്. പേരൂര്‍ക്കട ഡിപ്പോയില്‍ നിന്ന് മണ്ണന്തല- കുണ്ടമണ്‍കടവ് - തിരുമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫീഡര്‍ ബസില്‍ ഫെബ്രുവരി മുതലാണ് ഫോണ്‍ പേ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. ഇത് വന്‍ വിജയകരമാണെന്നാണ് മാനേജ്മെന്‍റ് വിലയിരുത്തല്‍.ഇതിന് പിന്നാലെയാണ് കൂടുതല്‍ ബസുകളിലേക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.










സുതാര്യത എന്ന അനിവാര്യത മുന്നില്‍ക്കണ്ട് : പുതിയ പരിഷ്‌കാരത്തിലൂടെ പണമിടപാടുകള്‍ എളുപ്പമാക്കുന്നതിനും കളക്ഷന്‍ സുതാര്യമാക്കുന്നതിനുമാണ് കെഎസ്‌ആര്‍ടിസി ലക്ഷ്യമിടുന്നത്. ഉടന്‍ തന്നെ കൂടുതല്‍ ബസുകളിലേക്ക് ഡിജിറ്റല്‍ പേയ്‌മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. സ്വിഫ്റ്റ് ബസുകളിലും ഡീലക്‌സ് മുതല്‍ മുകള്‍ ശ്രേണിയില്‍പ്പെട്ട ബസുകളിലും ഫോണ്‍ പേ വഴി പണം നല്‍കാനുള്ള സംവിധാനം മെയ്‌ മാസം മുതല്‍ ഏര്‍പ്പെടുത്താനുള്ള തയാറെടുപ്പുകളും നടക്കുകയാണ്.

എല്ലാ ബസ്സിലുമെത്തും : തുടര്‍ന്ന് ഘട്ടം ഘട്ടമായി ഓര്‍ഡിനറി ബസുകളിലും ഡിജിറ്റല്‍ പേയ്‌മെന്‍്റ് സിസ്‌റ്റം ഏര്‍പ്പെടുത്തും. ഇതോടെ കെഎസ്‌ആര്‍ടിസി ബസുകളില്‍ ചില്ലറ ഇല്ലാത്തതിന്‍്റെ പേരില്‍ യാത്രക്കാരും കണ്ടക്‌ടര്‍മാരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് ഡിജിറ്റല്‍ പേയ്‌മെന്‍്റ് സംവിധാനം നിലവില്‍ വരുന്നതോടെ പരിഹാരമാകും. ഡിസംബര്‍ മാസത്തില്‍ ഗതാഗത മന്ത്രി ആന്‍്റണി രാജു ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതി സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റല്‍ പേയ്മെ‌ന്‍്റ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഫീഡര്‍ സര്‍വീസുകളില്‍ ഏര്‍പ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ തന്നെ ഈ സംവിധാനം ഭൂരിഭാഗം ബസുകളിലും ഏര്‍പ്പെടുത്തണം എന്ന് മന്ത്രി ആന്‍്റണി രാജു നിര്‍ദേശവും നല്‍കിയിരുന്നു. 








കുറച്ചധികം 'സൂപ്പര്‍ഫാസ്‌റ്റ്' യാത്രകള്‍ : അതേസമയം കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്‍റെ കീഴില്‍ വാങ്ങിയ 131 സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. കേരള സര്‍ക്കാരിന്‍റെ 2022-23 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഫ്ലീറ്റ് നവീകരണത്തിനായി അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് ബസുകള്‍ വാങ്ങിയിരിക്കുന്നത്. 38.17 ലക്ഷം രൂപയാണ് ഒരു ബസിന്‍റെ വില. 22.18 ലക്ഷം രൂപയാണ് ഷാസിയുടെ വില. 15.98 ലക്ഷം രൂപയാണ് ബോഡി ബില്‍ഡിങ് വില. കെഎസ്‌ആര്‍ടിസിയുടെ കാലപ്പഴക്കം ചെന്ന ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പകരമാണ് പുതിയ ബസുകള്‍ ഉപയോഗിക്കുക.