Type Here to Get Search Results !

മലപ്പുറം മഞ്ചേരിയിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുട്ടി ഐ.സി.യുവിൽ





മഞ്ചേരി: കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ മൂന്നരവയസുകാരനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് അനിൽകുമാറിന്റെയും സഹോദരിയുടെയും നാല് കുട്ടികൾക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച ഭക്ഷ്യ വിഷബാധയേറ്റത്. മഞ്ചേരി ബൈപ്പാസിൽ പ്രവർത്തിക്കുന്ന കൗസർ കുഴിമന്തിയെന്ന സ്ഥാപനത്തിൽ നിന്ന് കുടുംബത്തിലെ മുതിർന്ന ആളുകളും കുട്ടികളുമടക്കം എട്ടുപേർ കുഴിമന്തിയും അൽഫാമും കഴിച്ചിരുന്നു. അന്ന് രാത്രി തന്നെ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. അനിൽകുമാറിന്റെ മൂന്ന് മക്കളായ അമർനാഥ് (12),​ അഭിനവ് (7), അദ്വൈത് (മൂന്നര വയസ്),​ സഹോദരിയുടെ മകളായ അഖില (12) എന്നിവർക്കാണ് കുഴിമന്തി കഴിച്ച് അസ്വസ്ഥതകൾ ഉണ്ടായത്. കുട്ടികൾക്ക് കടുത്ത പനിയും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തുടർന്ന് അദ്വൈത് ഒഴികെയുള്ളവർക്ക് താത്കാലിക ശമനം ഉണ്ടായി. എന്നാൽ അദ്വൈതിന് രോഗം കൂടുകയും കടുത്ത പനിയും അപസ്മാരം അടക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ചികിത്സയ്ക്ക് സൗകര്യം കുറവാണെന്ന് പറഞ്ഞ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് സ്‌കാനിംഗ് അടക്കമുള്ള പരിശോധന ചെയ്ത് ഭക്ഷ്യ വിഷബാധയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ഷിഗല്ല രോഗമായി മാറിയെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഇപ്പോഴും ഗുരുതരാവസ്ഥയിൽ ഐ.സി.യുവിലാണ് അദ്വൈത്. കണ്ണ് തുറക്കാനോ സംസാരിക്കാനോ ആവാത്ത സ്ഥിതിയിലാണ് കുട്ടി. മറ്റു കുട്ടികൾക്ക് ക്ഷീണം ഉൾപ്പെടെയുള്ള അസ്വസ്ഥത തുടരുന്നതിനാൽ കൾച്ചർ അടക്കമുള്ള ടെസ്റ്റ് ചെയ്തിട്ടുണ്ട്. റിസൾട്ട് വന്ന ശേഷമേ കൂടുതൽ വിവരം പറയാനാവു എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഹോട്ടലിനും ഉടമയ്ക്കും എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് അനിൽകുമാറും കുടുംബവും.