കൊടിഞ്ഞിയിലും മൂന്നിയൂരും മോഷണം;
ഹോം നഴ്‌സുമായി തെളിവെടുപ്പ് നടത്തി,ഇവർ കൂടുതൽ വീടുകളിൽ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്
തിരൂരങ്ങാടി: കൊടിഞ്ഞിയിലും മൂന്നിയൂർ പടിക്കലിലും ജോലിക്ക് നിന്ന വീടുകളിൽ നിന്ന് സ്വർണവും പണവും മൊബൈലും മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ഹോം നഴ്‌സ് ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഗൂഡല്ലൂരിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പു നടത്തിയത്. ഇവർ കൂടുതൽ വീടുകളിൽ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. മോഷ്ടിച്ച സ്വർണാഭാരണങ്ങളിൽ ഭൂരിഭാഗവും കണ്ടെടുത്തു. കൊടിഞ്ഞികോറ്റത്ത് മൂലക്കൽ കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിലാണ് യുവതി പ്രസവ ശുശ്രൂഷ ക്ക് നിന്നിരുന്നത്. ഇവിടെ നിന്ന് 14 പവൻ സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് ഇവർ അറസ്റ്റിലായത്. ചോദ്യം ചെയ്തപ്പോഴാണ് മുന്നിയൂർ പടിക്കൽ പി.കെ.കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ മോഷണം നട ത്തിയ വിവരം അസ്മാബി വെളിപ്പെടുത്തിയത്.
കുഞ്ഞിമുഹമ്മദിന്റെ ഭാര്യ യുടെ 10 പവൻ സ്വർണം മോഷ്ടിച്ചത്. എന്നാൽ വീട്ടുകാർ പരാതി നൽകിയിരുന്നില്ല. ഇതിന് മുമ്പ് മറ്റു രണ്ടുപേർ ഈ വീട്ടിൽ ജോലിക്ക് നിന്നിരുന്നു. ഇതോടെ ആരാണ് മോഷണം നടത്തിയതെന്ന് ഉറപ്പില്ലാത്തതിനാലാണ് പരാതി നൽകാതിരുന്നത്. മോഷ്ടിച്ച കാര്യം യുവതി വെളിപ്പെടുത്തിയതോടെ ഇവർ പോലീസിൽ പരാതി നൽകി. യുവതിയെ ഗൂഡല്ലൂരിൽ കൊണ്ടു പോയി മോഷ്ടിച്ച സ്വർണം കണ്ടെടുത്തു.
ഒരു പവൻ ഒഴികെ ബാക്കി സ്വർണമാണ് കണ്ടെടുത്തത്. എസ്‌ഐ എൻ.മുഹമ്മദ് റഫീഖ്, സീനിയർ സി പി ഒ സുബൈർ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്..
