മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. മലപ്പുറം തിരുനാവായ സ്‌റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുമ്ബാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്‍റെ ചില്ല് പൊട്ടി. തിരൂര്‍ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ തിരുനാവായ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുമ്ബ് അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തിരൂര്‍ പൊലീസ് അറിയിച്ചു. അതേസമയം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കേസെടുത്തു. ലോക്കല്‍ പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂരില്‍ എത്തിയതോടെ ട്രെയിനില്‍ മറ്റ് പരിക്കുകള്‍ ഉണ്ടോ എന്നറിയാന്‍ പ്രാഥമിക പരിശോധന നടത്തി. എന്നാല്‍ ഗുരുതരമായ നാശനഷ്‌ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു.
കല്ലേറുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വന്ദേഭാരതില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഏപ്രില്‍ 25ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരതിന്‍റെ ഔദ്യോഗിക യാത്രക്ക് ഫ്ലാഗ് ഓഫ് ചെയ്‌തത്.
