തിരൂർ :വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കാത്തതില്‍ മലപ്പുറത്ത് പ്രതിഷേധം തുടരുന്നു.മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ സമരങ്ങള്‍.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ വന്ദേ ഭാരതിന് ഒരിടത്തും സ്റ്റോപ്പില്ല. മലപ്പുറത്തെ മനപ്പൂര്‍വം തഴഞ്ഞെന്ന വികാരമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ സ്റ്റോപ് അനുവദിച്ചെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.പകരം ഷൊര്‍ണൂരിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
ദിവസേന പതിനായിരക്കണക്കിന് യാത്രക്കാരാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്.അതേസമയംവന്ദേ ഭാരത് ട്രെയിനിന് തിരുരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.റെയില്‍വേയുടെ അധികാരത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസ് ബെച്ചു കുര്യന്‍, ജസ്റ്റിസ് സി ജയചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ച് സ്റ്റോപ് അനുവദിക്കാന്‍ നിന്നാല്‍ എക്സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പം ഇല്ലാതാകും.ഇക്കാര്യത്തില്‍ റെയില്‍വേയാണ് തീരുമാനമെടുക്കേണ്ടത്.ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.മലപ്പുറം സ്വദേശിയാണ് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
