മലപ്പുറം: വളാഞ്ചേരി മര്‍ക്കസില്‍ വഫിയ്യ പഠനം നിര്‍ത്തലാക്കാനുള്ള അഡ്മിനിസ്ട്രേഷന്‍ കമ്മറ്റി തീരുമാനത്തിനെതിരെ ചൈല്‍ഡ്‍ലൈനു പരാതി നല്‍കി വിദ്യാര്‍ത്ഥിനി.
വഫിയ്യ പഠനത്തിനായാണ് സ്ഥാപനത്തില്‍ ചേര്‍ന്നതെന്നും പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തത് നിയമവിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ കോപ്പി മീഡിയവണിന് ലഭിച്ചു.
വളാഞ്ചേരി മര്‍ക്കസിനുകീഴിലുള്ള അല്‍ഗൈഥ് ഇസ്‍ലാമിക് ആര്‍ട്സ് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ചൈല്‍ഡ്‍ലൈനു പരാതി നല്‍കിയത്. ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം മതവിദ്യാഭ്യാസ പദ്ധതിയായ വഫിയ്യ ബിരുദത്തില്‍ ആകൃഷ്ടയായാണ് സ്ഥാപനത്തില്‍ പഠനത്തിന് ചേര്‍ന്നതെന്നും കഴിഞ്ഞയാഴ്ച മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി വഫിയ്യ കോഴ്സ് നിര്‍ത്തലാക്കുന്നതായി അധികൃതര്‍ അറിയിച്ചെന്നും വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. നിലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ അവസരം വേണമെന്ന ആവശ്യം മര്‍ക്കസ് അധികൃതര്‍ നിരസിച്ചു.
റസിഡന്‍ഷ്യല്‍ സംവിധാനത്തിലുള്ള കോളജില്‍ ഭക്ഷണവും താമസവും ഉറപ്പുനല്‍കിയാണ് പ്രവേശനം നേടിയത്. എന്നാല്‍, ഇപ്പോള്‍ ഭക്ഷണമടക്കം ലഭിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. പഠനം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടി വേണമെന്നാവശ്യപ്പെട്ടാണ് മലപ്പുറം ചൈല്‍ഡ്‍ലൈന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരിക്കുന്നത്.
പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും ചൈല്‍ഡ്‍ലൈന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. സി.ഐ.സിക്ക് കീഴിലായിരുന്ന കോളജിലെ വാഫി-വഫിയ്യ കോഴ്സ് നിര്‍ത്തലാക്കുന്നതായി കഴിഞ്ഞയാഴ്ചയാണ് വളാഞ്ചേരി മര്‍ക്കസ് അധികൃതര്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അറിയിച്ചത്. തീരുമാനത്തിനെതിരെ ഒരു വിഭാഗം രക്ഷിതാക്കള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് വിദ്യാര്‍ത്ഥിനി തന്നെ നേരിട്ട് പരാതി നല്‍കിയത്.
വാഫി-വഫിയ്യ കോഴ്സിന് ബദലായി സമസ്ത നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരമുള്ള കോഴ്സുകള്‍ മര്‍ക്കസില്‍ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ഇപ്പോള്‍ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കില്ലെന്നും, പുതിയ കോഴ്സില്‍ പഠനം തുടരാനാകുമെന്നുമാണ് മര്‍ക്കസ് വിശദീകരണം.
