Type Here to Get Search Results !

ലോണ്‍ തിരിച്ചക്കാത്തതിനെ തുടര്‍ന്ന് വായ്പയെടുത്തയാളുടെ മകളെ തട്ടിക്കൊണ്ടുപോയ ഫിനാൻസ് കമ്ബനി ജീവനക്കാരൻ അറസ്റ്റില്‍.


തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ മരുതൂര്‍ വില്ലേജിലാണ് സംഭവം. ഫിനാൻസ് കമ്ബനിയുടെ പ്രതിനിധിയായ വിഘ്നേഷ് എന്നയാളാണ് അറസ്റ്റിലായത്.

മരുതൂര്‍ ഗ്രാമവാസിയായ വനത്തു രാജ എന്നയാളുടെ 11 വയസുള്ള മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കൂലിപ്പണിക്കാരനായ വനത്തു രാജ മാസങ്ങള്‍ക്ക് മുൻപാണ് ഒരു സ്വകാര്യ ഫിനാൻസ് കമ്ബനിയില്‍ നിന്ന് 50,000 രൂപ വായ്പയെടുത്തത്. തൊഴിലില്ലാത്തതിനാല്‍ ഏതാനും മാസങ്ങളായി വായ്പാ തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് കുടിശ്ശിക ഈടാക്കാൻ ഫിനാൻസ് കമ്ബനിയുടെ പ്രതിനിധിയായ വിഘ്നേഷ് രാജയുടെ വീട്ടിലെത്തി. എന്നാല്‍, രാജ വീട്ടിലുണ്ടായിരുന്നില്ല. രാജയുടെ 11 വയസ്സുള്ള മകള്‍ പിതാവ് സ്ഥലത്തില്ലെന്ന് വിഘ്നേഷിനോട് പറഞ്ഞു. പിന്നീട് രാജയുടെ മകളെ വിഘ്‌നേഷ് തട്ടിക്കൊണ്ടുപോയി ഫിനാൻസ് കമ്ബനിയുടെ ഓഫീസിലെത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മകളെ കാണാതായ വിവരം അറിഞ്ഞ ഉടൻ തന്നെ രാജ കീരനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയുടെ ലൊക്കേഷൻ കണ്ടെത്തിയ പോലീസ് ഫിനാൻസ് കമ്ബനിയുടെ ഓഫീസിലെത്തി കുട്ടിയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച അറസ്റ്റിലായ വിഘ്‌നേഷിനെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ഇരുചക്ര വാഹനവും പിടിച്ചെടുത്തു. കേസില്‍ ഇപ്പോള്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.