Type Here to Get Search Results !

ആധാര്‍ കാര്‍ഡ് പുതുക്കിയാല്‍ ഈ ആറ് ഗുണങ്ങള്‍ ഉണ്ട്; കുട്ടികളും പുതുക്കണം, നിര്‍ബന്ധമായും നിങ്ങള്‍ ഈ കാര്യങ്ങള്‍ അറിയണം

ഓരോ പത്തുവര്‍ഷം കൂടുമ്ബോഴും തിരിച്ചറിയല്‍, മേല്‍വിലാസ രേഖകള്‍ ഉപയോഗിച്ച്‌ ആധാര്‍ പുതുക്കി തട്ടിപ്പുകള്‍ക്ക് തടയിടാം.
നിലവില്‍ സെപ്തംബര്‍ 15 വരെ ആധാര്‍ പുതുക്കാൻ അവസരമുണ്ട്.

ഇതിനായി myaadhaar.uidai.gov.in എന്ന സൈറ്റില്‍ ആധാര്‍ നമ്ബറും ഒ.ടി.പിയും നല്‍കി ലോഗിൻ ചെയ്യണം. ഒ.ടി.പി ലഭിക്കുന്നതിന് രജിസ്‌ട്രേഷന് ഉപയോഗിച്ച മൊബൈല്‍ നമ്ബര്‍ നിര്‍ബന്ധം. അപ്‌ഡേറ്റ് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡിലെ പേര് വരുന്ന തിരിച്ചറിയല്‍, വിലാസം തെളിയിക്കുന്ന രേഖകള്‍ വേണം. വോട്ടര്‍ ഐ.ഡി, പാൻ കാര്‍ഡ്, പാസ്പോര്‍ട്ട്, റേഷൻ കാര്‍ഡ് (ഗൃഹനാഥയ്ക്ക് മാത്രം), ഡ്രൈവിംഗ് ലൈസൻസ്, പെൻഷൻ കാര്‍ഡ്, ഡിസബിലിറ്റി കാര്‍ഡ് എന്നിവ പേരിന്റെ രേഖയായി ഉപയോഗിക്കാം.

വിലാസം തെളിയിക്കുന്ന രേഖയായി വോട്ടര്‍ ഐ.ഡി, പാസ്പോര്‍ട്ട്, ബാങ്ക് പാസ്ബുക്ക് (ദേശസാത്കൃത ബാങ്കിലെ അപേക്ഷകൻ/അപേക്ഷകയുടെ ഫോട്ടോ വരുന്ന മുൻപേജ്), കിസാൻ പാസ്ബുക്ക്, വിവാഹ സര്‍ട്ടിഫിക്കറ്റ്, മൂന്ന് മാസത്തിനുള്ളിലുള്ള വൈദ്യുതി- വാട്ടര്‍-ടെലിഫോണ്‍-പാചകവാതക കണക്ഷൻ ബില്‍ തുടങ്ങിയവ ഉപയോഗിക്കാം.

തുടര്‍ന്ന് പേര്, ജനനതീയതി, ലിംഗഭേദം, വിലാസം തുടങ്ങിയ വിശദാംശം പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കുക. യു.ആര്‍.എൻ നമ്ബര്‍ രശീതി ഡൗണ്‍ലോഡ് ചെയ്ത് ഭാവി ആവശ്യങ്ങള്‍ക്ക് സേവ് ചെയ്യുക. സബ്മിറ്റ് ചെയ്യുന്നതിന് മുമ്ബ് വിശദാംശം വീണ്ടും പരിശോധിക്കുക. സമീപത്തുള്ള അക്ഷയ കേന്ദ്രം വഴിയും ഇത് സാദ്ധ്യമാക്കാം.

ഗുണം ഇപ്രകാരം

രാജ്യത്ത് എവിടെ നിന്നും റേഷൻ.
1100 സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രയോജനം.
ബാങ്ക് അക്കൗണ്ട് തുറക്കാൻ എളുപ്പമാകും.
വായ്പാ അപേക്ഷകളില്‍ വേഗം നടപടി.
വിവിധ സ്‌കോളര്‍ഷിപ്പ് പ്രവേശനം ലളിതമാകും.
ഐ.ടി റിട്ടേണ്‍ വേഗം ഇ-വെരിഫൈ ചെയ്യാം.

നവജാത ശിശുക്കള്‍ക്ക്

അക്ഷയകേന്ദ്രം മുഖേന നവജാത ശിശുക്കള്‍ക്ക് ആധാര്‍ എടുക്കാം. ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ആധാര്‍ എന്നിവ ആവശ്യമാണ്. അഞ്ച് വയസുവരെ ബയോമെട്രിക്സ് വിവരം ശേഖരിക്കില്ല.

കുട്ടികളും പുതുക്കണം

അഞ്ച്, 15 വയസില്‍ കുട്ടികളുടെ ആധാര്‍ പുതുക്കണം. കൈ വിരലടയാളം, ഐറിസ് ബയോമെട്രിക് വിവരം, ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യണം. ഇതിന് രേഖയായി കുട്ടിയുടെ അസല്‍ ആധാര്‍ മാത്രം മതി.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ജില്ലയില്‍ 850 കുട്ടികളുടെ ആധാര്‍ പുതുക്കി. അംഗനവാടികള്‍ വഴി ക്യാമ്ബ് നടത്തി ആധാര്‍ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള നടപടി പുരോഗമിക്കുകയാണ്.

ടി.തനൂജ്, ജില്ലാ പ്രോജക്‌ട് മാനേജര്‍, ഐ.ടി മിഷൻ.

സംശയ നിവാരണത്തിന് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം.

ഫോണ്‍: 04912547820