Type Here to Get Search Results !

ഏകസിവില്‍കോഡ് ഒരു മതത്തിനും അംഗീകരിക്കാനാവില്ല, ബഹുജന മുന്നേറ്റം വേണ്ടി വരും; ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാന്‍ ആകില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോട് യോജിക്കാന്‍ ആകില്ല. രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച്‌ പ്രക്ഷോഭം ആലോചിക്കും.സമസ്ത അതിന് നേതൃത്വം നല്‍കും.മറ്റ് മത നേതാക്കളെയും സമീപിക്കും .എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹം, വിവാഹ മോചനം , അനന്തരവകാശം എന്നിവ മത നിയമത്തില്‍ വരുന്നതാണ്. ഏക സിവില്‍ കോഡ് ഇതിന് എതിരാണ്. ഇത് മുസ്ലിം വിഭാഗങ്ങളെ മാത്രമല്ല മറ്റു മതവിഭാഗങ്ങളെയും ബാധിക്കും. വിവാഹം പോലുള്ള വിഷയങ്ങളില്‍ മതപരമായ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെട്ടില്ലെങ്കില്‍ വിവാഹം മതപരമായി സാധൂകരിക്കപ്പെടില്ലെന്ന ആശങ്കയും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പങ്കുവച്ചു.

കോണ്‍ഗ്രസ്‌ ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ വ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ പറഞ്ഞിട്ടുണ്ട്. നാസര്‍ ഫൈസിയുടെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിട്ടില്ല.ഇടതു പക്ഷം ഏകീകൃത സിവില്‍ കോഡിനെ എതിര്‍ത്തത് സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി. 

ഓരോ മതങ്ങള്‍ക്കും അവരുടേതായ നിയമങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച ജിഫ്രി മുത്തുക്കോയ തങ്ങള്‍ അത് ആചാരങ്ങളല്ലെന്നും വ്യക്തമാക്കി. അതിനാല്‍ തന്നെ മറ്റു മതങ്ങള്‍ക്കും ഏക സിവില്‍ കോഡിനോട് യോജിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പങ്കുവച്ചത്. ആദിവാസികള്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. അതിലെ ഭേദഗതി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സുന്നി ഐക്യത്തിന് സമസ്ത തയ്യാറാണെന്ന നിര്‍ണായക പ്രഖ്യാപനവും ജിഫ്രി മുത്തുക്കോയ തങ്ങള്‍ നടത്തി. എല്ലാ സുന്നികളും യോജിക്കണമെന്നതാണ് സമസ്തയുടെ നിലപാടെന്ന് ചൂണ്ടിക്കാണിച്ചു . ഐക്യത്തിനായി ആര്‍ക്കും മധ്യസ്ഥത വഹിക്കാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കുന്നു. സുന്നി ഐക്യം സംബന്ധിച്ച എപി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.