Type Here to Get Search Results !

ഹമാസും ഭീകരവാദികള്‍ തന്നെയെന്ന് ശശി തരൂര്‍; രണ്ടുഭാഗത്തുനിന്നും ഭീകരവാദി ആക്രമണം ഉണ്ടായി; തരൂരിനെ സമ്മേളനത്തില്‍ വിളിച്ചതിലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം; ലീഗിന്റെ ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലി വിവാദത്തില്‍


കോഴിക്കോട്: ഹമാസ് ഭീകരവാദികള്‍ ആണോ പോരാളികള്‍ ആണോ? ഇസ്രയേലില്‍ കടന്നു കയറി 1,800 പേരെ അതിനിഷ്ഠൂരമായി വധിക്കുകയും, മൃതദേഹങ്ങളില്‍ തുപ്പുകയും, 200 ഓളം പേരെ ബന്ദിയാക്കുകയും ചെയ്തിട്ടും, കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ക്ക് പോലും ഹമാസ് ഒരു ഭീകരസംഘടനയാണെന്ന് പറയാനുള്ള ധൈര്യം ഉണ്ടായില്ല.
മുമ്ബ് മലയാളി നഴ്സ് കൊല്ലപ്പെട്ടപ്പോള്‍ ഭീകരാക്രമണം എന്ന് പറഞ്ഞ് പോസ്റ്റിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അത് തിരുത്തേണ്ടി വന്നിരുന്നു. ഇപ്പോള്‍ എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കള്‍ക്കും സാംസ്കാരിക നായകര്‍ക്കും ഹമാസ് ഭീകരവാദികള്‍ അല്ല പോരാളികള്‍ ആണ്.

ഇങ്ങനെയിരിക്കെയാണ് ലോകത്തിലെ ഏറ്റവും വലിയ ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലി എന്ന് പറഞ്ഞ്, കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് ഇന്ന് സമ്മേളനം നടത്തുന്നത്. ഹമാസ്, പോരാളികള്‍ ആണെന്ന് മുസ്ലിംലീഗിന്റെ എക്കാലത്തെയും വലിയ നിലപാട്. ഈ സമ്മേളനത്തിന്റെ ഉദ്ഘാടകൻ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മറ്റി അംഗവും എംപിയുമായ ശശി തരുര്‍ ആയിരുന്നു. എന്നാല്‍ ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ സമ്മേളനത്തില്‍ ഹമാസിനെ ഭീകരവാദികള്‍ എന്ന് എന്നാണ് ശശി തരുര്‍ വിശേഷിപ്പിച്ചത്. 'ഇസ്രയേലില്‍ ആക്രമണം നടത്തിയത് ഭീകരവാദികള്‍ ആണ്. രണ്ടുഭാഗത്തുനിന്നും ഭീകരവാദി ആക്രമണം ഉണ്ടായി. പക്ഷേ ഇസ്രയേലിന്റെ പ്രതികരണം അതിരുകടന്നു'- ശശി തരൂര്‍ പറഞ്ഞു. ഇത് ഫലത്തില്‍ മുസ്ലിം ലീഗിന് വലിയ അടിയായി മാറിയിരിക്കയാണ്. തരൂരിനെ പങ്കെടുപ്പിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം ലീഗ് അണികള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

'ഇത് ഒരു മുസ്ലിം പ്രശ്നമല്ല'

'ഗസ്സയില്‍നടക്കുന്നത് കടുത്ത മനുഷ്യാകാശ ലംഘനമാണ്. സിവിലിയന്മാര്‍ മരിച്ചുവീഴുന്നത് എല്ലാ യുദ്ധ നിയമങ്ങളുടെയും ലംഘനമാണ്. മുസ്ലിംലീഗ് നടത്തുന്നതുകൊണ്ട് ഇത് ഒരു മുസ്ലിം പ്രശ്നമായി കാണരുത്.''- കോഴിക്കോട് കടപ്പുറത്ത് സംസാരിക്കവെ തരൂര്‍ പറഞ്ഞു.
പശ്ചിമേഷ്യയില്‍ നടക്കുന്നത് സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള പോരാട്ടമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. 'ഇസ്രയേലിന്റെ ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. അവിടെ നിന്നുവരുന്ന മരണക്കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തി 1,400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി. അതിന്റെ മറുപടിയായി ഇസ്രയേല്‍ ഗസ്സയില്‍ ബോംബിങ് നടത്തി 6000 പേരെ കൊന്നുകഴിഞ്ഞു'- തരൂര്‍ പറഞ്ഞു.
യുദ്ധ നിയമങ്ങളുടെ ലംഘനങ്ങളാണ് ഗസ്സയില്‍ കാണുന്നത്. ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എല്ലാം ഇസ്രയേല്‍ നിര്‍ത്തി. എന്നിട്ട് ഗസ്സയില്‍ ആക്രമണം നടത്തുമെന്നും ഉടൻ അവിടം വിട്ടുപോകാനും ആവശ്യപ്പെടുന്നു. ഇന്ധനമില്ലാതെ വ്യക്തികള്‍ എങ്ങനെയാണ് ഗസ്സയില്‍നിന്ന് പുറപ്പെടുക? 19 ദിവസത്തെ യുദ്ധത്തില്‍ ഏതാണ്ട് 70 ലോറികള്‍ മാത്രമേ റഫ അതിര്‍ത്തിവഴി സഹായങ്ങളെത്തിച്ചുള്ളൂ. അതിന്റെ 20 ഇരട്ടിയിലേറെ ഓരോ ദിവസവും അവിടെ ആവശ്യമുണ്ട്. ആശുപത്രികള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കാതെ ബുദ്ധിമുട്ടിക്കുന്നു.- തരൂര്‍ പറഞ്ഞു.

ഗസ്സയിലും ലബനനിലും വെസ്റ്റ് ബാങ്കിലുമെല്ലാം ഇസ്രയേല്‍ നിരവധി പേരെ കൊന്നൊടുക്കി. 'ഇരുമ്ബിന്റെ വാള്‍' എന്നാണ് ഇസ്രയേല്‍ ഈ ഓപ്പറേഷനു നല്‍കിയിരിക്കുന്ന പേര്. എത്ര കുഞ്ഞുങ്ങളുടെ രക്തത്തില്‍ മുക്കിയ വാളാണിതെന്ന് തരൂര്‍ ചോദിച്ചു.ഗാന്ധിയുടെ കാലം മുതല്‍ ഇന്ത്യ ഫലസ്തീനൊപ്പമാണ്. ഫലസ്തീൻ അറബികളുടെ ഭൂമിയാണ്. അവിടെ കൈയേറുന്ന ഇസ്രയേല്‍ നടപടി തെറ്റാണ്. നെഹ്‌റുവും ഇന്ധിരാഗാന്ധിയും എല്ലാം ആ നിലപാട് സ്വീകരിച്ചവരാണ്. യു.എന്നില്‍ ജോലിചെയ്തിരുന്ന സമയത്ത് യാസര്‍ അറഫാത്തിനെ പലതവണ കാണാൻ അവസരമുണ്ടായി. അപ്പോഴെല്ലാം അദ്ദേഹം ഇന്ധിരാഗാന്ധിയെ നന്ദിയോടെ സ്മരിച്ചുവെന്നും ശശി തരൂര്‍ വ്യക്തമാക്കി.

എല്ലാവരെയും സ്വീകരിക്കുന്ന, എല്ലാവരും ഒരുമിച്ചു ജീവിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ജൂതരെ സ്‌നേഹത്തോടെയാണ് നാം സ്വീകരിച്ചത്. ലോകത്ത് അഭയാര്‍ഥികളായെത്തിയ ജൂതര്‍ക്കെതിരേ ഒരു തരത്തിലുള്ള വിവേചനവും കാണിക്കാത്ത ഒരേയൊരു നാട് കേരളംമാത്രമേയുള്ളൂവെന്നും തരൂര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഇസ്രയേലിനെ വെള്ളപൂശുന്നുവെന്നു റാലി ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 'ഇസ്രയേലിനെ പിന്തുണയ്ക്കുന്നവര്‍ ഭീകരതയുടെ കൂട്ടുപിടിക്കുന്നവരാണ്. ലോകത്തെ ഏറ്റവും വലിയ ഭീകര രാഷ്ട്രം ഇസ്രയേലാണ്. വാജ്പേയി പോലും ഫലസ്തീൻ അനുകൂല നിലപാടാണ് എടുത്തത്. അതുപോലും ഇന്നത്തെ ബിജെപി സര്‍ക്കാര്‍ തള്ളിക്കളയുകയാണ്'' - സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവുമാണ് നമ്മുടെ ആയുധമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി
Tags